എൻഎച്ച്എസ് നേരിടുന്ന പ്രതിസന്ധിയും രോഗീ പരിചരണത്തിലെ കാലതാമസവുമെല്ലാം പരിഗണിച്ചു ഹെൽത്ത് സർവ്വീസിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്.
-------------------aud--------------------------------
പ്രധാനമന്ത്രി കീർ സ്റ്റാർമറിനൊപ്പം എത്തിയ വെസ് സ്ട്രീറ്റിംഗ് ഹെൽത്ത് സർവ്വീസിലെ കാലതാമസങ്ങൾ ചില രോഗികൾക്ക് മരണശിക്ഷയായി മാറുന്നുവെന്ന് വ്യക്തമാക്കി.
എൻഎച്ച്എസ് മോശം അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നൽകിയ സ്ട്രീറ്റിംഗ് എഐ ഉൾപ്പെടെ സാങ്കേതിവിദ്യകൾ പ്രയോജനപ്പെടുത്താനാണ് നിർദ്ദേശിക്കുന്നത്. 'ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധിയാണ് എൻഎച്ച്എസ് നേരിടുന്നത്. ജിപിയെ കാണാൻ ജനം ബുദ്ധിമുട്ടുന്നതും, 999 ഡയലിംഗും, സമയത്ത് എത്തിച്ചേരാത്ത ആംബുലൻസും, എ&ഇ ഡിപ്പാർട്ട്‌മെന്റിലേക്ക് വന്ന് സുദീർഘ കാത്തിരിപ്പ് നേരിടുന്നതും, കോറിഡോറിൽ ട്രോളികളിൽ പെട്ട് കിടക്കുന്നതും, രോഗസ്ഥിരീകരണത്തിന് വേണ്ടി വരുന്ന കാത്തിരിപ്പുമെല്ലാം ജീവതത്തിനും, മരണത്തിനും ഇടയിലുള്ള സമയമാണ്', സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.
ഈ ദുരവസ്ഥ മാറ്റുന്നതിന്റെ ഭാഗമായി എൻഎച്ച്എസ് ആപ്പ് പരിഷ്‌കരിക്കുകയാണ്. ആപ്പ് ഉപയോഗിച്ച് വിരൽതുമ്പിൽ എൻഎച്ച്എസ് സേവനങ്ങൾ ലഭ്യമാകുന്ന തോതിലേക്ക് മാറ്റുകയാണ് ലക്ഷ്യം. നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കുന്നത് പോലെ എളുപ്പത്തിൽ ഇത് ഉപയോഗിച്ച് ഒരുപരിധി വരെ തലവേദന കുറയ്ക്കാമെന്നാണ് സ്ട്രീറ്റിംഗിന്റെ നിലപാട്. ആപ്പിൽ രോഗികളുടെ എല്ലാ മെഡിക്കൽ രേഖകളും സൂക്ഷിക്കാമെന്നതിനാൽ ഒരു മെഡിക്കൽ പാസ്‌പോർട്ടായി ഇത് മാറും.
ഇംഗ്ലണ്ടിലെ എല്ലാ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നുമുള്ള രോഗികളുടെ ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കാൻ ബുധനാഴ്ച പുതിയ നിയമം അവതരിപ്പിക്കും. എന്നാൽ രോഗികളുടെ വിവരങ്ങൾ മരുന്ന് കമ്പനികളുമായി പങ്കുവെയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് മെഡ് കോൺഫിഡെൻഷ്യൽ മുന്നറിയിപ്പ് നൽകി. കൂടാതെ എൻഎച്ച്എസിലെ 1.5 മില്ല്യൺ ജീവനക്കാർക്കും ഏത് രോഗിയുടെ വിവരവും പരിശോധിക്കാമെന്ന നിലവരുമെന്ന് വിമർശനമുണ്ട്. ഏതായാലും 76 വർഷങ്ങൾക്ക് ശേഷം എൻഎച്ച്എസ് സംവിധാനത്തിൽ ഒരു അഴിച്ചു പണിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
© Copyright 2024. All Rights Reserved