എൻഎച്ച്എസ് ആശുപത്രികൾ ഫ്‌ളൂ രോഗികളുടെ കുത്തൊഴുക്കിൽ കനത്ത പ്രതിസന്ധി നേരിടുകയാണ്. ആശുപത്രികൾക്ക് പുറത്ത് രോഗികളുമായി എത്തിയ ആംബുലൻസുകൾ വരിവരിയായി കാത്തുനിൽക്കുന്ന അവസ്ഥ. രോഗികളെ അകത്ത് പ്രവേശിപ്പിക്കാൻ ആവശ്യത്തിന് ബെഡുകൾ ലഭ്യമല്ലാതെ ജീവനക്കാർ നെട്ടോട്ടം ഓടുന്നു. ഇതിനിടയിലാണ് ആരോഗ്യം വീണ്ടെടുത്ത രോഗികൾ ഇപ്പോഴും എൻഎച്ച്എസ് ബെഡുകൾ കൈയടക്കി വെച്ചിരിക്കുന്നതായി വ്യക്തമാകുന്നത്.
-------------------aud--------------------------------
ഏഴിലൊന്ന് രോഗികളാണ് ആരോഗ്യം വീണ്ടെടുത്തിട്ടും എൻഎച്ച്എസ് ആശുപത്രികളിൽ കഴിയുന്നതെന്ന് എൻഎച്ച്എസ് തന്നെ വ്യക്തമാക്കുന്നു. ബെഡുകൾ പിടിച്ചുവെച്ചിരിക്കുന്നതിനാൽ രോഗാതുരമായി എത്തുന്ന രോഗികൾ ഇടനാഴികളിൽ കിടന്ന് മരിക്കുന്നതായി നഴ്‌സുമാരിൽ നിന്നും വിവരം സ്വീകരിച്ച് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി ഫ്‌ളൂ രോഗികളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവാണ് നേരിട്ടത്. ഇതിന് ശേഷം ഇപ്പോൾ ആശുപത്രികളിൽ ഫ്‌ളൂ ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ട്. മുൻപത്തെ ആഴ്ചയിലെ പ്രതിവാര ശരാശരി 5408 ആയിരുന്നത് കഴിഞ്ഞ ആഴ്ച 4929 ആയി കുറഞ്ഞിട്ടുണ്ട്. കൊവിഡ്, നോറോവൈറസ് രോഗികൾ മറ്റൊരു 1800 ബെഡുകൾ കൂടി കൈവശം വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച വിന്ററിലെ ഏറ്റവും തിരക്കേറിയ ആഴ്ചയാണ് നേരിട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഈ ഘട്ടത്തിൽ 96 ശതമാനം ബെഡുകളിലും രോഗികൾ ഉണ്ടായിരുന്നു. 14 ശതമാനം ബെഡുകൾ വീട്ടിലേക്ക് മടങ്ങാൻ കഴിയുന്ന വിധത്തിൽ ആരോഗ്യം വീണ്ടെടുത്തവരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവർക്ക് കെയർ സംവിധാനങ്ങൾ ലഭ്യമല്ലാതെ വരുന്നതാണ് പ്രശ്‌നമാകുന്നത്.
തണുപ്പ് കാലാവസ്ഥയ്ക്കിടെ രോഗികളെ ഡിസ്ചാർജ്ജ് ചെയ്യുന്നത് പ്രതിസന്ധിയായി തുടരുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് എമർജൻസി കെയർ ചീഫ് പ്രൊഫ. ജൂലിയൻ റെഡ്‌ഹെഡ് പറഞ്ഞു. കൂടുതൽ ബെഡുകൾ ലഭിക്കുമ്പോഴും ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നതിന് പിന്നിൽ ഇതാണ് കാര്യമെന്ന് അദ്ദേഹം പറയുന്നു.
© Copyright 2024. All Rights Reserved