ലണ്ടനിലെ മൂന്ന് എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തി സൈബർ അക്രമണം. പണം ആവശ്യപ്പെട്ടുള്ള റാൻസംവെയർ എത്തിയത് റഷ്യയിൽ നിന്നുമാണെന്നാണ് റിപ്പോർട്ട്. സൈബർ പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
-------------------aud--------------------------------
സൈബർ അക്രമണം നടന്നതോടെ ഓപ്പറേഷനുകൾ തടസ്സപ്പെട്ടതിന് പുറമെ ബ്ലഡ് ടെസ്റ്റ്, ട്രാൻസ്ഫ്യൂഷൻ എന്നിവയിലും ഗുരുതര തടസ്സങ്ങൾ നേരിട്ടു. സംഭവം നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ അന്വേഷിച്ച് വരികയാണ്. കിംഗ്‌സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെന്റ് തോമസ് ഹോസ്പിറ്റലുകളിൽ സുപ്രധാന പ്രതിസന്ധി രൂപപ്പെട്ടതായാണ് വിവരം. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർമാരാണ് അക്രമത്തിന് പിന്നിലെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. സൈബർ അക്രമണങ്ങൾ ആഴ്ചകൾ നീളാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധ മുന്നറിയിപ്പ്. ആറ് ലണ്ടൻ ബറോകളിലെ ജിപി സർജറികളിലും സമാനമായ അക്രമം നേരിട്ടതായാണ് വിവരം.
ജീവൻരക്ഷാ സർജറികൾ റദ്ദാക്കേണ്ടി വന്നതിന് പുറമെ ആറ് ലണ്ടൻ ബറോകളിലെ ജിപി സർജറികളിലും പ്രതിസന്ധി സൃഷ്ടിച്ചത് ആശങ്കയായി. ബെക്സ്ലി, ഗ്രീൻവിച്ച്, ല്യൂഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് എന്നിങ്ങനെ ചുരുങ്ങിയത് 1.8 മില്ല്യൺ ജനങ്ങൾക്ക് സേവനം നൽകുന്ന ജിപി സർജറികളിലാണ് പ്രതിസന്ധി രൂപപ്പെട്ടത്.
എൻഎച്ച്എസ് പതോളജി ലാബുകൾക്ക് സേവനം നൽകുന്ന ഐടി സിസ്റ്റം സിനോവിസാണ് അക്രമത്തിന്റെ ലക്ഷ്യമെന്നാണ് വ്യക്തമാകുന്നത്. ഇതോടെ പതോളജി ഫലങ്ങൾ ലഭ്യമാകാൻ ചിലപ്പോൾ ആഴ്ചകൾ വേണ്ടിവരുമെന്നാണ് ശ്രോതസ്സുകൾ വ്യക്തമാക്കുന്നത്.
© Copyright 2023. All Rights Reserved