ഏഴര മില്യൺ വരുന്ന വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ ഒരു ഭാഗത്ത് സമരം നടത്തുന്നത് എൻഎച്ച്എസിനു വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജൂനിയർ ഡോക്ടർമാരുടെ സമരം എത്രത്തോളം പ്രത്യാഘാതം സൃഷ്ടിച്ചെന്ന കാര്യം ഇനിയും വിവരങ്ങൾ പുറത്തുവരാൻ ഇരിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തിലാണ് വിരമിച്ച ഡോക്ടർമാരെ തിരിച്ചെത്തിച്ച് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാൻ എൻഎച്ച്എസ് ബാക്ക്-ടു-വർക്ക് സ്‌കീം നടപ്പാക്കുന്നത്.
ഫ്‌ളെക്‌സിബിൾ ജോലി സമയവും, റിമോട്ട് വർക്കിംഗും ഉൾപ്പെടെ അനുവദിച്ച് കൺസൾട്ടന്റുമാരെ ആകർഷിക്കാമെന്നാണ് മേധാവികളുടെ പ്രതീക്ഷ. എൻഎച്ച്എസ് എമെറിറ്റസ് പൈലറ്റ് സ്‌കീം ഇംഗ്ലണ്ടിൽ ഉടനീളം ഒരു വർഷത്തേക്ക് ഇലക്ടീവ് കെയറിലെ കാത്തിരിപ്പ് കുറയ്ക്കാനാണ് നടപ്പാക്കുക. എന്നാൽ വിജയകരമാകുന്ന മുറയ്ക്ക് മറ്റ് പരിചരണങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.
വിരമിച്ചെങ്കിലും തങ്ങളുടെ പദവികൾ നിലനിർത്തുന്ന എമെറിറ്റസ് കൺസൾട്ടന്റുമാർ അടുത്ത മാസം മുതൽ അപ്പോയിന്റ്‌മെന്റുകൾ എടുക്കാൻ തുടങ്ങും. ഓരോ വർഷവും ഏകദേശം 1000 കൺസൾട്ടന്റുമാർ എൻഎച്ച്എസിൽ നിന്നും വിരമിക്കുന്നുണ്ട്. യോഗ്യരായ ഡോക്ടർമാരെ ആശുപത്രികളുമായി ബന്ധിപ്പിക്കാൻ ഒരു വെബ്‌സൈറ്റിന് തുടക്കം കുറിച്ചിട്ടുണ്ട്. ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകൾ, സ്‌പെഷ്യലിസ്റ്റ് അഡൈ്വസ് റിക്വസ്റ്റ്, എഡ്യുക്കേഷൻ-ട്രെയിനിംഗ് സപ്പോർട്ട് എന്നിവ ട്രസ്റ്റുകൾ ഇതിൽ അപ്‌ലോഡ് ചെയ്യുകയും, താൽപര്യമുള്ള കൺസൾട്ടന്റുമാരെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുക.
രോഗികളുമായി നേരിട്ടോ, റിമോട്ടോ ആയാകും അപ്പോയിന്റ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യുക. പ്രത്യേക സ്‌പെഷ്യാലിറ്റികളിൽ വർക്ക്‌ഫോഴ്‌സ് ക്ഷാമം നേരിടുന്ന മേഖലകളിലെ ഹോസ്പിറ്റലുകളെ സഹായിക്കാൻ ഇതുവഴി സാധിക്കും. നവംബറിലെ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.6 മില്ല്യണിലാണ്.
© Copyright 2024. All Rights Reserved