മോസ്കോ ജയിലിൽ മരിച്ച റഷ്യയിലെ പ്രതിപക്ഷ നേതാവായ
അലക്സി നവൽനിയുടെ മൃതദേഹം വിട്ടുകിട്ടാനായി മാതാവ് ലുഡില കോടതിയിൽ ഹർജി നൽകി. ആർട്ടിക് സിറ്റിയിലെ സാലേഖാഡിലെ കോടതിയിലാണ് പരാതി നൽകിയത്. കോടതി മാർച്ച് 4ന് വാദം കേൾക്കും. അന്വേഷണം നടക്കുന്നതിനാൽ രണ്ടാഴ്ചയ്ക്കു ശേഷമേ മൃതദേഹം വിട്ടുകൊടുക്കാൻ കഴിയു എന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
അതിശൈത്യമേഖലയായ യമോല നെനറ്റ്സ് പ്രവിശ്യയിലെ ജയിലിലാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ്റെ കടുത്ത വിമർശകനായ നവൽനി മരിച്ചത്. പ്രഭാത നടത്തത്തിനു പിന്നാലെ കുഴഞ്ഞുവീണു മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, കൊലപാതകമാണെന്നും പിന്നിൽ പുട്ടിൻ ആണെന്നുമാണ് ഭാര്യ യൂലിയയും സഹപ്രവർത്തകരും ആരോപിച്ചത്. നവൽനിയുടെ മൃതദേഹം വിട്ടുകിട്ടാനായി ശനിയാഴ്ച സ്ഥലത്തെത്തി മാതാവ് ലുഡ്‌മില ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മൃതദേഹം വിട്ടുനൽകണമെന്ന് ലുഡ്‌മില പുട്ടിനോടും അഭ്യർഥിച്ചിരുന്നു. 'എൻ്റെ മകനെ മനുഷ്യനെപ്പോലെ സംസ്കരിക്കണം. അക്കാര്യത്തിൽ താങ്കൾക്കു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ'- പുട്ടിനുള്ള സന്ദേശത്തിൽ ലുഡ്‌മില (69) പറഞ്ഞു.
നവൽനിയെ പാർപ്പിച്ചിരുന്ന ജയിലിൻ്റെ ചുമതല വഹിച്ചിരുന്ന വ്യക്തികൾക്ക് നിരോധനം ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചു. ഇവർക്ക് യുകെയിലുള്ള നിക്ഷേപങ്ങളും മരവിപ്പിക്കും. ജയിലിൽ പ്രധാന ചുമതലക്കാരനായ വാദിം കോൺസ്‌റ്റാൻ്റിനോവിച്ച് കാലിനിൻ അടക്കമുള്ളവർക്കാണ് നിരോധനം ബാധകമാകുക.
© Copyright 2023. All Rights Reserved