വാർത്തകൾ ബിജെപിക്ക് അനുകൂലമായി ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ബഹിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന 14 വാർത്താ അവതാരകരുടെ പട്ടിക ഇന്ത്യ മുന്നണി മീഡിയ കമ്മിറ്റി പുറത്തുവിട്ടു.
അർണാബ് ഗോസ്വാമി, നവിക കുമാർ ഉൾപ്പെടെ ഒൻപത് ചാനലുകളിലെ 14 പേരെയാണ് ബഹിഷ്കരിക്കുക. ഈ അവതാരകർ നയിക്കുന്ന ചർച്ചകളിലോ വാർത്താപരിപാടികളിലോ "ഇന്ത്യ' സഖ്യത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല.
അർണാബ് ഗോസ്വാമി (റിപ്പബ്ലിക് ഭാരത്), നവിക കുമാർ (ടൈംസ് നൗ നവഭാരത്), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്), അമൻ ചോപ്ര (ന്യൂസ് 18), അമീഷ് ദേവ്ഗണ് (ന്യൂസ് 18), ആനന്ദ് നരസിംഹൻ (ന്യൂസ് 18), അദിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ് ), സുധീർ ചൗധരി (ആജ് തക്), ചിത്രാ ത്രിപാഠി (ആജ് തക്), റൂബിക ലിയാഖത്ത് (ഭാരത് 24), ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ), ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാചി പരാശർ (ഇന്ത്യ ടിവി) എന്നിവരെയാണു സഖ്യം ബഹിഷ്കരിക്കുക.
കഴിഞ്ഞ 13ന് നടന്ന സഖ്യത്തിന്റെ ആദ്യ ഏകോപനസമിതി യോഗത്തിലാണ് വാർത്താചാനൽ അവതാരകരെ ബഹിഷ്കരിക്കാൻ തീരുമാനമായത്.
പൊതുതാത്പര്യമുള്ള വാർത്തകൾ നൽകാതിരിക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വർഗീയത കലർന്ന വാർത്തകൾ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് നടപടിയെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ മീഡിയ കമ്മിറ്റി വ്യക്തമാക്കി.
© Copyright 2024. All Rights Reserved