ഫലസ്തീൻ അഭയാർഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും പിന്തുണ നൽകുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയായ റിലീഫ് ആൻഡ് വർക്‌സ് ഏജൻസിക്ക് ഇസ്രായേലിൽ നിരോധനം ഏർപ്പെടുത്തി. ഏജൻസിയിലെ ഏതാനും പേർ ഹമാസ് അംഗങ്ങളാണെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കുണ്ടെന്നും പറഞ്ഞാണ് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻ്റ്നൊയ നെസറ്റിൽ പാസാക്കിയത്. ഗസ്സയിൽ മാനുഷിക ഇടപെടൽ അനിവാര്യമായി തുടരുന്ന ഘട്ടത്തിലാണ് ഇസ്രായേലിന്റെ നടപടി.
-------------------aud-------------------------------
വടക്കൻ ഗസ്സയിലെ ജനവാസ മേഖലയിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വ്യാപക നഷ്ടം റിപ്പോർട്ട് ചെയ്‌തതിൻ്റെ തൊട്ടടുത്ത ദിവസമാണ് യു.എൻ ഏജൻസിയെ വിലക്കിയത്. തിങ്കളാഴ്‌ചത്തെ ആക്രമണത്തെ തുടർന്ന് ഒരു ലക്ഷത്തോളം ഫലസ്‌തീനികളാണ് മേഖലയിൽ കുടുങ്ങിയിരിക്കുന്നതെന്നും 19 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഹമാസ് പുനഃസംഘടിക്കാതിരിക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ പറഞ്ഞു. വടക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയതോടെ സഹായ ഏജൻസിക്ക് മൂന്ന് ആഴ്ചയായി പ്രദേശത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണം, മരുന്ന് ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഇവിടെ ആളുകൾക്ക് ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിനിടെ ഇസ്രായേൽ, യു.എൻ ഏജൻക്കുമേൽ ഏർപ്പെടുത്തിയ നിരോധനത്തിൽ എതിർപ്പ് അറിയിച്ച് യു.കെ, ആസ്ട്രേലിയ, ബെൽജിയം ഉൾപ്പെടെ നിരവധി രാജ്യങ്ങളാണ് രംഗത്തുവന്നത്. അതേസമയം യു.എസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചു. ഇതിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ലെബാനിലും ഇറാനു നേരെയും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവു വരുത്തേണ്ടത് അനിവാര്യമായ പശ്ചാത്തലത്തിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്. മേഖലയിലെ സമാധാനത്തിനായി സ്ഥിരം വെടിനിർത്തൽ കരാറിനായാണ് ആലോചന.
© Copyright 2024. All Rights Reserved