ഇംഗ്ലണ്ടിലെ കുടുംബങ്ങൾക്ക് പ്രതിവർഷം 394 പൗണ്ടിന്റെ അധിക ചെലവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ,. ലേബർ പാർട്ടിയുടെ അടുത്ത ബജറ്റിൽ പ്രാദേശിക കൗൺസിൽ ടാക്‌സുകൾ വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതിനാലാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. തന്റെ ആദ്യ ബജറ്റിൽ തന്നെ, ലേബർ പാർട്ടി അവകാശപ്പെടുന്ന, 22 ബില്യൺ പൗണ്ടിന്റെ പൊതുകമ്മി നികത്താൻ നടപടികൾ ഉണ്ടാകുമെന്ന് ചാൻസലർ റേച്ചൽ റീവ്‌സ് പറഞ്ഞിരുന്നു. മുൻസർക്കാരാണ് ഇത്രയേറെ കമ്മി അവശേഷിപ്പിച്ച് പോയതെന്നും അവർ ആരോപിച്ചിരുന്നു
-------------------aud--------------------------------
നാഷണൽ ഇൻഷുറൻസ്, വാറ്റ്, വരുമാന നികുതി എന്നിവയിൽ വർദ്ധനവുണ്ടാകില്ലെന്ന് സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ, കൗൺസിൽ ടാക്ശ് ഉൾപ്പടെയുള്ള മറ്റു നികുതികളുടെ കാര്യത്തിൽ അങ്ങനെയൊരു ഉറപ്പ്‌സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇതാണ്, പെൻഷൻ മുതൽ ഇൻഹെരിറ്റൻസ് ടാക്സ് വരെ എന്തും വർദ്ധിപ്പിച്ചേക്കാം എന്ന ആശങ്കയ്ക്ക് കാരണമാകുന്നത്. ഇകൂട്ടത്തിൽ കൗൺസിൽ ടാക്സും വർദ്ധിച്ചേക്കാം.
കൗൺസിൽ ടാക്സ് നേരിട്ട് വർദ്ധിപ്പിക്കില്ല എന്ന് ചാൻസലർ ഉറപ്പ് തന്നിട്ടുണ്ടെങ്കിലും, സിംഗിൾ പേർസൺ ഡിസ്‌കൗണ്ട് എടുത്തുകളയാനുള്ള സാധ്യത അവർ നിഷേധിക്കുന്നില്ല. ഒറ്റക്ക് താമസിക്കുന്ന വ്യക്തികൾക്കോ അതല്ലെങ്കിൽ വിദ്യാർത്ഥികൾ പോലെ സീറോ റേറ്റഡ് വ്യക്തികൾക്കൊ, ബില്ലിൽ 25 ശതമാനം വരെ കിഴിവ് നൽകുന്ന സിംഗിൾ പേഴ്സൺ ഡിസ്‌കൗണ്ട് തുടർന്നും ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാർലമെന്റിൽ ഉപപ്രധാനമന്ത്രി ഏയ്ഞ്ചല റെയ്നർ നിശബ്ദത പാലിക്കുകയായിരുന്നു എന്നോർക്കണം.
പ്രതിപക്ഷത്തുള്ളവർ അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തിന്റെ സാമ്പത്തിക നില തകർക്കുകയും പൊതു ധനത്തിൽ വൻ കമ്മി ഉണ്ടാക്കുകയും ചെയ്തിട്ട്, ഈ സർക്കാർ നികുതി വർദ്ധിപ്പിക്കുന്നു എന്ന് നിലവിളിക്കുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നായിരുന്നു അവർ പറഞ്ഞത്. തൊഴിൽ ചെയ്യുന്നവർക്ക് ക്ഷേമം ഉറപ്പ് വരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. അത് ഈ സർക്കാർ ഉറപ്പാക്കും, അവർ പാർലമെന്റിൽ പറഞ്ഞു.
നിലവിൽ ഒരു ശരാശരി വലിപ്പമുള്ള ഡി ബാൻഡിലുള്ള വീടിന്റെ കൗൺസിൽ ടാക്സ് ഏകദേശം 1,578 പൗണ്ട് ആണ്. അതിലെ 25 ശതമാനം ഡിസ്‌കൗണ്ട് എന്നത് 394 പൗണ്ട് വരും. അതായത്, സിംഗിൾ പേഴ്സൺ ഡിസ്‌കൗണ്ട് എടുത്തു കളഞ്ഞാൽ, ഒറ്റക്ക് താമസിക്കുന്നവരുടെ നികുതിയിൽ 394 പൗണ്ട് വർദ്ധനവ് ഉണ്ടാകാൻ ഇടയുണ്ട് എന്ന് സാരം. ദീർഘകാല ഫലങ്ങൾ ലക്ഷ്യമാക്കിയുള്ളതായിരിക്കും വരാനിരിക്കുന്ന ബജറ്റ് എന്ന് പ്രധാനമന്ത്രി സർ കീർ സ്റ്റാർമറും പറഞ്ഞിരുന്നു.അത് അല്പം വേദനാജനകമായിരിക്കുമെന്ന് സൂചിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.
© Copyright 2023. All Rights Reserved