മഹാമാരി തീർത്ത ഭീതിയിൽ നിന്ന് നമ്മൾ സാധാരാണ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും കോവിഡിന്റെ വകഭേദങ്ങൾ പിന്നാലെയുണ്ട്. പുതുതായി വ്യാപിക്കുന്ന ഒമിക്രോൺ ജെ.എൻ-1 ഉപവകഭേദത്തെ നിസാരമായി കാണരുതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഓരോ ദിവസവും പിന്നിടുമ്പോഴും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നുവെന്നാണ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2341ലേക്ക് ഉയർന്നു. കേരളത്തിൽ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതിൽ ഭൂരിഭാഗവും കേരളത്തിലാണെന്നതാണ് ആശങ്ക ഉണർത്തുന്ന ഘടകം. നിലവിൽ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 2669 ആണ്.
കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതൽ കൊവിഡ് പരിശോധന നടത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോ ഗവ്യാപനം കൂടി കണക്കിലെടുത്താവും കേന്ദ്രത്തിൻ്റെ തുടർ നടപടികൾ.
അതേസമയം, കൊവിഡിനെ നേരിടാൻ വരുന്ന ഉത്സവ സീസണിൽ ജാഗ്രതയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമവും ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് പ്രതിരോധ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സംസ്ഥാന ആരോഗ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വകഭേദം കണ്ടെത്താൻ ന്യൂമോണിയ പോലുള്ള അസുഖങ്ങളുടെയും സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. മരുന്നുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, വാക്‌സിനുകൾ എന്നിവയുടെ സ്‌റ്റോക്ക് ഉണ്ടെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൊവിഡ് രോഗ ബാധയ്ക്ക് കാരണമായ കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ ജെഎൻ വൺ രാജ്യത്ത് ഇതുവരെ 21 പേർക്കാണ് സ്ഥിരീകരിച്ചത്. ഗോവയിൽ 19 പേർക്കും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഓരോത്തർക്ക് വീതവുമാണ് ഈ വകഭേദം സ്ഥിരീകരിച്ചത്.
© Copyright 2024. All Rights Reserved