മുതുമല കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിലായിരുന്നു 59 വയസുള്ള മൂർത്തിയുടെ അന്ത്യം. കേരളത്തിലും തമിഴ്നാട്ടിലുമായി 25 പേരെ കൊലപ്പെടുത്തിയതിൻറെ പാപഭാരം പേറുന്ന ആനയാണു മൂർത്തി. കേരളത്തിൽ 23 പേരുടെ മരണത്തിനു കുറ്റം ചാർത്തപ്പെട്ട ആനയെ വെടിവയ്ക്കാൻ 1998ൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. എന്നാൽ, കേരളത്തിൻറെ ദൗത്യ സംഘമെത്തിയപ്പോൾ തമിഴ്നാട് വനത്തിലേക്കു കടന്ന ആന അവിടെയും രണ്ടു പേരെ കൊലപ്പെടുത്തി. തുടർന്ന് ആനയെ പിടികൂടാൻ തമിഴ്നാട് തീരുമാനിച്ചു. 1998 ജൂലൈ 12നാണ് തെപ്പക്കാട് ആനക്യാംപിലെ വെറ്ററിനറി ഡോക്റ്റർ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പിടികൂടിയത്. തുടർന്നു ഡോക്റ്ററുടെ പേരിലെ മൂർത്തി എന്നത് ആനയ്ക്കു നൽകി.
9.5 അടി ഉയരും നാലര ടൺ ഭാരവുമുള്ള മൂർത്തി ഏറെ കരുത്തുറ്റ ആനയായിരുന്നെന്നു കൃഷ്ണമൂർത്തിയുടെ മകൻ ശ്രീധർ പറയുന്നു. പിടികൂടുമ്പോൾ മൂർത്തിയുടെ ശരീരത്തിൽ വെടിയുണ്ട തുളച്ചുകയറിയ 15 മുറിവുകൾ വ്രണങ്ങളായിരുന്നു. കേരളത്തിലെ വനംകൊള്ളക്കാരും കർഷകരും നടത്തിയ ആക്രമണത്തിൻറെ ബാക്കിയായിരുന്നു ഇത്. ഈ മുറിവുകളാണ് ആനയെ അക്രമത്തിലേക്കു നയിച്ചത്. തെപ്പക്കാട് ക്യാംപിലെത്തിച്ച് ചികിത്സ നൽകിയതോടെ മൂർത്തി അക്രമസ്വഭാവം വെടിഞ്ഞു. പിന്നീടു കാട്ടാനകളെ തുരത്താനുള്ള ദൗത്യങ്ങളിൽ തമിഴ്നാടിൻറെ വിശ്വസ്ത കുങ്കിയായി മാറി മൂർത്തി. കുട്ടികളടക്കമുള്ളവർ അടുത്തു പെരുമാറിയാലും ക്ഷോഭിക്കാത്തവനായി മാറിയിരുന്നു മൂർത്തി.
2022 മാർച്ച് 31ന് 58 വയസ് തികഞ്ഞപ്പോൾ സർവീസിൽ നിന്നു വിരമിച്ചശേഷവും ക്യാംപിൽ സംരക്ഷിക്കുകയായിരുന്നു ആനയെ.
© Copyright 2023. All Rights Reserved