നാടിനെ കണ്ണീർക്കടലാക്കി, പാലക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മരിച്ച നാല് പെൺകുട്ടികൾ ഇനി ഓർമ്മ. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് കൂട്ടുകാരികൾക്കും ഖബറൊരുങ്ങിയത്. കുഞ്ഞുനാൾ മുതലുള്ള കൂട്ടുകാർ അവസാനയാത്രയിലും ഒന്നിച്ചു. പെയ്തുതോരാത്ത സങ്കടപ്പെരുമഴയിൽ, നാടൊന്നാകെ അവർ നാല് പേർക്കും അന്ത്യയാത്രമൊഴി ചൊല്ലി. പൊന്നോമനകളെ അവസാന നോക്കു കാണാനെത്തിയവർക്ക് സങ്കടം താങ്ങാനായില്ല.
-------------------aud-----------------------------
രാവിലെ എട്ടര മുതൽ കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനം നടന്നു. സ്‌കൂളിൽ പൊതുദർശനമുണ്ടായിരുന്നില്ല. കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളായ നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ സഹിക്കാനാകാതെ വീട്ടുകാർ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പനയംപാടത്ത് വെച്ച് ലോറി മറിഞ്ഞ് കുട്ടികൾ മരിച്ചത്. പരീക്ഷയിലെ ചോദ്യങ്ങൾക്ക് അവരെഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കി മിഠായി നുണഞ്ഞ് അവരങ്ങനെ നടക്കുകയായിരുന്നു.പിന്നിലൂടെ വന്ന ലോറി അവരുടെ ജീവനെടുക്കുകയായിരുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇവരുടെ കൂട്ടുകാരി അജ്‌ന ഷെറിൻ ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല.
© Copyright 2024. All Rights Reserved