ഇത്തവണ ബ്രിട്ടനിലെത്തിയ സാന്റാക്ലോസ് അദ്ഭുതപ്പെട്ടുകാണും, പതിവിനു വിപരീതമായി കോട്ടും മറ്റു ശൈത്യകാല വസ്ത്രങ്ങളും ധരിക്കാതെ സാന്താക്ലോസ് തൊപ്പിയുമണിഞ്ഞ് കടലിൽ നീന്തിത്തുടിക്കുന്ന ബ്രിട്ടീഷുകാരെ കണ്ട്. ഏതാണ്ട് ഒരു ദശബ്ദത്തിനിടയിൽ ബ്രിട്ടൻ കണ്ട ഏറ്റവും ചൂടേറിയ ക്രിസ്ത്മസ് ആയിരുന്നു കഴിഞ്ഞുപോയത്. ക്രിസ്ത്മസ് ദിനത്തിലെ റെക്കോർഡ് താപനിലയായിരുന്നു മെറ്റ് ഓഫീസ് രേഖപ്പെടുത്തിയത്.
എക്സെറ്റർ വിമാനത്താവളം ഈസ്റ്റ് മെയിലിംഗ്, കെന്റ് എന്നിവിടങ്ങളിൽ ഇന്നലെ താപനില 12.4 ഡിഗ്രി സെൽഷ്യസിൽ താഴെ പോയില്ല.അതോടെ അത് 1983-ൽ ക്രോയ്ഡണിലെ വാഢണിൽ രേഖപ്പെടുത്തിയ, ഇതുവരെയുള്ള ഏറ്റവും ഉയർന്ന ക്രിസ്ത്മസ് ദിന താപനിലയായ 11.5 ഡിഗ്രി സെൽഷ്യസിനെ മറികടന്നു. ഏറ്റവും ഉയർന്ന താപനില കണക്കാക്കിയാൽ എക്സിറ്റർ വിമാനതാവളത്തിലും സോമർസെറ്റിലെ മെറിഫീൽഡിലും 13.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ഇതോടെ, 13.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഡിസംബർ 25 ആയി മാറി ഇന്നലെ.
അതേസമയം, മഞ്ഞും, മഴയും നിറഞ്ഞതായിരുന്നു സ്‌കോട്ട്ലാൻഡിലെ വിവിധ ഭാഗങ്ങളിലെ ക്രിസ്ത്മസ് ദിനം. പലയിടങ്ങളിലും മഞ്ഞ് പുതഞ്ഞു കിടന്ന് വൈറ്റ് ക്രിസ്ത്മസ് നൽകി. തണുപ്പ് കുറഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സാഹതിമിർപ്പ് വർധിച്ചു. പുറംവാതിൽ ജലാശയങ്ങളിലും കടൽത്തീരത്തും ഒത്തുകൂടി നീന്തിത്തിമിർത്തായിരുന്നു പലരുടെയും ക്രിസ്ത്മസ് ആഘോഷങ്ങൾ.
സെൻട്രൽ ലണ്ടനിലെ ഹൈഡ് പാർക്കിൽ എല്ലാവർഷവും, സെർപ്പന്റൈൻ സ്വിമ്മിംഗ് ക്ലബ് സംഘടിപ്പിക്കാറുള്ള പീറ്റർ പാൻ കപ്പ് നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ പലരും സാന്റാക്ലോസ് തൊപ്പികളണിഞ്ഞാണ് എത്തിയത്. എല്ലാ വർഷവും ക്രിസ്ത്മസ് ദിനത്തിലാണ് ഈ മത്സരം സംഘടിപ്പിക്കുക. 1864-ൽ ആരംഭിച്ച ഈ മത്സരമാണ് ലോകത്തിലെ തന്നെ തുടർച്ചയായി, മുടക്കമില്ലാതെ നടത്തുന്ന ഏറ്റവും പഴയ മത്സരം. 1903 ൽ ഗ്രന്ഥകാരനായ ജെ എം ബാരി പീറ്റർ പാൻ കപ്പ് സംഭാവന നൽകിയതോടെയാണ് മത്സരം ആ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ലണ്ടനിലെ താപനില ഏതാണ് 12 ഡിഗ്രി സെൽഷ്യസിന് അടുത്തായതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് കഴിഞ്ഞ വർഷത്തെ അത്ര തണുപ്പ് അനുഭവിക്കേണ്ടി വന്നില്ല. അതേസമയം, നോർത്ത് ടൈനിസൈഡിലെ ടൈന്മോത്തിൽ ശാന്തമായ വടക്കൻ കടലിൽ നീന്തിത്തുടിക്കാൻ മറ്റൊരു സംഘം എത്തി. സമുദ്ര ജല താപനില 6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. അതിനിടയിൽ, സഫോക്കിലെ കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമായ സെയിന്റ് എലിസബത്ത് ഹോസ്പീസിന് വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭഗമായി 600 ഓളം പേർ ഫെലിസ്‌ക്ടോവിൽ കടലിൽ മുങ്ങിക്കുളിച്ചു.
© Copyright 2024. All Rights Reserved