ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താനുള്ള ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്ലുകളെ ആദ്യ സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) പ്രതിപക്ഷം ചോദ്യം ചെയ്തു.
-------------------aud--------------------------------
ബിജെപി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. തിരഞ്ഞെടുപ്പു ചെലവു ചുരുക്കാൻ ഒറ്റത്തിരഞ്ഞെടുപ്പു സഹായിക്കുമെന്ന വാദത്തെ കോൺഗ്രസ് അംഗം പ്രിയങ്ക ഗാന്ധി ഖണ്ഡിച്ചു. ഇതു സാധൂകരിക്കാൻ സർക്കാർ നിരത്തിയ കണക്കുകൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വരുന്നതിനു മുൻപുള്ളതാണെന്നു പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പു നടത്തിപ്പു സംബന്ധിച്ച ആശങ്കകൾ എൻഡിഎയുടെ ഭാഗമായ ജെഡിയു ഉന്നയിച്ചു. ബില്ലിനെ അനുകൂലിച്ച് ഉന്നതാധികാരസമിതിക്കു കത്തു നൽകിയ വൈഎസ്ആർ കോൺഗ്രസും ബില്ലുകളിന്മേൽ സംശയം ഉന്നയിച്ചു. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. 2 മാസം കൊണ്ട് ജെപിസിക്ക് റിപ്പോർട്ട് തയാറാക്കാനാവില്ലെന്നും കുറഞ്ഞത് ഒരു വർഷമെങ്കിലും അനുവദിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.ചെലവുചുരുക്കലാണോ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുകയാണോ പ്രധാനമെന്ന് കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), സമാജ്‌വാദി പാർട്ടി, തൃണമൂൽ തുടങ്ങിയ പാർട്ടികൾ ചോദിച്ചു. ജെപിസിയുടെ നടത്തിപ്പ്, തെളിവെടുപ്പ് തുടങ്ങിയവ അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. ലോക്സഭയിൽനിന്ന് 27 അംഗങ്ങളും രാജ്യസഭയിൽനിന്ന് 12 അംഗങ്ങളുമാണു സമിതിയിലുള്ളത്. എൻഡിഎയിലെ 22 അംഗങ്ങളും ഇന്ത്യാസഖ്യത്തിലെ 15 അംഗങ്ങളുമുണ്ട്. ബിജെപി ലോക്സഭാംഗം പി.പി.ചൗധരിയാണ് അധ്യക്ഷൻ.
© Copyright 2024. All Rights Reserved