ഉത്തർപ്രദേശിലെ അയോധ്യയിൽ ദീപാവലി ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഒരേ സമയം 51 ഘാട്ടുകളിലായി 24 ലക്ഷം ചെരാതുകൾ കത്തിച്ച് ലോക റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് അധികൃതർ.
ദീപാവലിയോടനുബന്ധിച്ച് ഇന്ന് രാവിലെ ടാബ്ലോ ഘോഷയാത്രയ്ക്ക് തുടക്കമാകും. ഉത്തർപ്രദേശ് ടൂറിസം മന്ത്രി ജയ് വീർ സിങ് ആണ് ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. ഉച്ചയ്ക്ക് രണ്ടരയോടെ ടാബ്ലോ ഘോഷയാത്ര രാമ കഥ പാർക്കിൽ എത്തിച്ചേരും. ഘോഷയാത്രയിൽ ടൂറിസം വകുപ്പിന്റെ മാത്രം ഏഴ് ടാബ്ലോകൾ പങ്കെടുക്കും. ടാബ്ലോകളിൽ രാമായണത്തിലെ വിവിധ കഥകളാണ് ചിത്രീകരിച്ചിരിക്കുന്നത്. പരിപാടിക്ക് തിളക്കം കൂട്ടാൻ രാജ്യത്തെ വിവിധ നൃത്ത രൂപങ്ങൾ കലാകാരന്മാർ അവതരിപ്പിക്കും. 24 ലക്ഷം ചെരാതുകൾ കത്തിക്കാൻ 25000 സന്നദ്ധ പ്രവർത്തകരെയാണ് അണിനിരത്തുക. അയോധ്യ ജില്ലാ ഭരണകൂടവും അവധ് സർവകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ സംഘം ഡ്രോൺ ക്യാമറ ഉപയോഗിച്ചാണ് ചെരാതുകൾ എണ്ണുക. ദീപോത്സവ പരിപാടി വൈകീട്ട് മൂന്ന് മണിക്കാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് ഉദ്ഘാടനം ചെയ്യുക.
© Copyright 2023. All Rights Reserved