അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേവലം ആഴ്‌ചകൾ മാത്രം ശേഷിക്കെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ പ്രചരണം കൊഴുക്കുകയാണ്. ഇരു പാർട്ടികളുടെയും സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിട്ട് കണ്ടും വാൻ റാലികൾ സംഘടിപ്പിച്ചുമൊക്കെയാണ് ഇപ്പോൾ മുന്നേറുന്നത്. എന്നാൽ അതിനിടയിൽ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളായ ഇലോൺ മസ്‌ക്.
-------------------aud-------------------------------
ഭരണഘടനയുമായി ബന്ധപ്പെട്ട തന്റെ നിവേദനത്തിൽ ഒപ്പ് വയ്ക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി മെമ്പർമാർക്ക് ദിനംപ്രതി ഒരു മില്യൺ ഡോളർ നൽകുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. പെൻസിൽവാനിയ സംസ്ഥാനത്ത് നിന്നുള്ള വോട്ടർമാർക്കാണ് ഈ പണം നേടാനുള്ള അവസരം. വോട്ടെടുപ്പ് നടക്കുന്ന നവംബർ അഞ്ച് വരെയാണ് ഈ ഓഫർ നിലവിലുണ്ടാവുക. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മാറ്റ് കൂട്ടുന്ന നിർണായക പ്രഖ്യാപനമാണ് മസ്‌ക് നടത്തിയതെന്ന് നിസംശയം പറയാം. പ്രഖ്യാപനം വെറുംവാക്കിൽ ഒതുക്കുകയല്ല, മറിച്ച് സമ്മാനം കൈമാറിക്കൊണ്ടാണ് മസ്‌ക് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഈ പദ്ധതിയിലെ ആദ്യ വിജയിക്ക് മസ്‌ക് പത്ത് ലക്ഷം ഡോളറിന്റെ ചെക്ക് കൈമാറി കഴിഞ്ഞു. ജോൺ ഡ്രെഹ്‌റർ എന്ന വ്യക്തിയാണ് മസ്‌കിന്റെ വ്യത്യസ്‌തമായ പ്രചരണ പരിപാടിയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയത്. അമേരിക്ക 'പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി' എന്ന തന്റെ സംഘടന വഴിയാണ് മസ്‌ക് പണം കൈമാറുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ മുതൽ ഡൊണാൾഡ് ട്രംപിന് പിന്തുണ അറിയിക്കാൻ ഇലോൺ മസ്‌ക് ഒട്ടും മടി കാണിച്ചിരുന്നില്ല. ലോകത്തിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരൻ, നിരവധി പേരുടെ ആരാധനാപത്രമായ സംരഭകൻ എന്നീ വിശേഷങ്ങൾ കൈമുതലായുള്ള മസ്‌ക് വോട്ടർമാരെ കാര്യമായി സ്വാധീനിക്കും എന്നാണ് ഡെമോക്രാറ്റുകൾ ഭയക്കുന്നത്. എന്നാൽ മസ്‌കിന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങൾക്ക് കൂടി വഴിയൊരുക്കിയിരിക്കുകയാണ്. സംഭവത്തിൽ പെൻസിൽവാനിയ ഗവർണർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മസ്‌ക് തന്റെ സമ്പത്ത് ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുകയാണെന്നും ഇത് വഴി ഡൊണാൾഡ് ട്രംപിന് ജയം ഒരുക്കുകയാണെന്നും കടുത്ത ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ0 പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപും പല വിവാദ പ്രഖ്യാപനങ്ങളും നടത്തിയിട്ടുള്ള മസ്‌ക് പക്ഷേ ട്രംപിനുള്ള പിന്തുണ കൂടുതൽ കടുപ്പിക്കുകയാണ് എന്നത് അദ്ദേഹത്തിന്റെ നീക്കങ്ങളിൽ വ്യക്തമാണ്. ഡൊണാൾഡ് ട്രംപും എതിരാളിയും നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള പോരാട്ടത്തിൽ ഏറ്റവും നിർണായകമായേക്കാവുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പെൻസിൽവാനിയ. അവിടെയാണ് മസ്‌ക് തന്റെ പണം പ്രചരണത്തിന് ഉപയോഗിക്കുന്നത് എന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.
© Copyright 2024. All Rights Reserved