ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷിക്കാവയിൽ പുതുവർഷദിനത്തിലുണ്ടായ ഭൂകമ്പത്തിൽ മരണം 30 ആയി. ഭൂകമ്പബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് നൽകിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുന്നറിയിപ്പ് പിൻവലിച്ചു. അതേസമയം, ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.
തീരമേഖലയിലെ ആണവനിലയങ്ങൾക്ക് ഭൂകമ്പത്തിൽ തകരാർ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, തുടർചലനങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ തീരമേഖലയിലെ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താൻ അധികാരികൾക്ക്് ഇനിയും കഴിഞ്ഞിട്ടില്ല.
പ്രാരംഭ ഭൂചലനത്തിന് തൊട്ടുപിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. 5 അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് തീരദേശത്ത് ഭീതി പരത്തി അടിച്ചുകയറിയത്. രാജ്യത്തെ ഏകദേശം 33,000 വീടുകളിൽ വൈദ്യുതിയില്ല. പ്രധാന ഹൈവേകൾ ഉൾപ്പെടെ നിരവധി പ്രധാന റൂട്ടുകൾ പ്രവർത്തനക്ഷമമല്ല. ഇത് രക്ഷാപ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരർക്കും സൈനികർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. ദുരന്ത ബാധിത പ്രദേശത്തേക്കുള്ള വിമാന സർവീസുകളും റെയിൽ സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇതോടെയാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകി. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം. തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റഷ്യയുടെ വിദൂര കിഴക്കൻ നഗരങ്ങളായ വ്ലാഡിവോസ്‌റ്റോക്കിലും നഖോദ്കയിലും സുനാമി മുന്നറിയിപ്പുണ്ട്. ടെക്‌റ്റോണിക് പ്ലേറ്റ് ഇടപെടലുകൾ പതിവായി നടക്കുന്ന, അസ്ഥിരമായ പസഫിക് റിംഗ് ഓഫ് ഫയറിലുള്ള സ്ഥാനം കാരണം ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് ജപ്പാൻ.
© Copyright 2024. All Rights Reserved