ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയിൽ നടത്തിയ പാരഡി അവതരണം വിവാദത്തിൽ. ക്രിസ്ത്യൻ സമൂഹത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ച് എത്തിയിരിക്കുന്നത്.
-------------------aud--------------------------------
ലിയനാർഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം പെയിന്റിങിൽ യേശുക്രിസ്തുവും 12 ശിഷ്യൻമാരും ഇരിക്കുന്നതുപോലെയായിരുന്നു കലാകാരൻമാരുടെ പ്രകടനവും. നടുക്ക് ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. നീല നിറത്തിൽ ചായമിട്ട് പൂക്കളും പഴങ്ങളും കൊണ്ട് മാത്രം അൽപ്പമായി വസ്ത്രം ധരിച്ച ഒരാളുടെ പ്രകടനത്തിനെതിരെയും കടുത്ത വിമർശനം ഉയർന്നു. ഇയാളുടെ പിന്നിൽ നിന്ന കലാകാരൻമാരും പെയിന്റിങിലേതുപോലെയാണ് നിൽക്കുന്നത്. ഇത് തന്റെ അവസാന അത്താഴം എന്ന് പറയുന്ന രീതിയിലുള്ള അഭിനയം ആണ് നീലകളർ ശരീരത്ത് പൂശിയ കലാകാരൻറേതും. മനുഷ്യർ തമ്മിൽ പരസ്പരം ആക്രമിക്കുന്നതിനെ ഹാസ്യാത്മകമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് സംഘാടകരുടെ വിശദീകരണം. കലാപ്രകടനം അതിരു കടന്നതാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. ക്രിസ്ത്യാനി സമൂഹത്തെ മുഴുവൻ അപമാനിക്കുന്ന തരത്തിലാണ് ഇത്തരത്തിലൊരു പ്രകടനം നടത്തിയതെന്നാണ് മറ്റൊരാളുടെ അഭിപ്രായം. യേശുക്രിസ്തുവിനെ സ്ത്രീയായി ചിത്രീകരിച്ചുവെന്നും ഇത് അംഗീകരിക്കാനാവുന്നതല്ലെന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
© Copyright 2023. All Rights Reserved