യു.എസിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ ഡെൽറ്റ എയർവേയ്സിൻറെ ബോയിങ് 757 വിമാനത്തിൻറെ മുൻചക്രം ടേക്ഓഫിന് തൊട്ടുമുമ്പ് ഊരിത്തെറിച്ചു. ശനിയാഴ്ചയാണ് സംഭവമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പുറപ്പെടാനായി തയാറെടുക്കുകയായിരുന്നു ഡെൽറ്റ എയർലൈൻസ് വിമാനം. ടേക് ഓഫിന് തയാറെടുക്കുകയായിരുന്ന മറ്റൊരു വിമാനത്തിലെ പൈലറ്റുമാരാണ് മുമ്പിലെ വിമാനത്തിൻറെ മുൻചക്രങ്ങൾ ഊരിത്തെറിച്ച വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുന്നത്.
സംഭവത്തിന് ശേഷം ഈ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കൊണ്ടുപോയതായി ഡെൽറ്റ എയർലൈൻസ് വക്താവ് പറഞ്ഞു.
ബോയിങ് വിമാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തകരാറുകൾ കഴിഞ്ഞ ആഴ്ചകളിൽ സംഭവിച്ചതിൽ ഒടുവിലത്തെ സംഭവമാണിത്. എട്ട് ആഴ്ച മാത്രം പഴക്കമുള്ള ബോയിങ് 737 മാക്സ്9 വിമാനത്തിൻറെ ഫ്യൂസ്ലാഗ് ജനുവരി അഞ്ചിന് പറക്കലിനിടെ പൊട്ടിത്തെറിച്ച സംഭവമുണ്ടായിരുന്നു. ഇതിന് പിന്നാലെ എല്ലാ ബോയിങ് 737 മാക്സ്9 വിമാനങ്ങളും നിലത്തിറക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർദേശിച്ചിരുന്നു.
© Copyright 2024. All Rights Reserved