ഉത്തരാഖണ്ഡിലെ സിൽക്യാര–ദന്തൽഗാവ് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമം ഒൻപതാം ദിവസവും തുടരുന്നു. മലമുകളിൽ നിന്നു തുരന്നു താഴേക്കിറങ്ങി ഉള്ളിൽ കടക്കാനാണ് നീക്കം. ഇതിനുള്ള യന്ത്രസാമഗ്രികൾ മലമുകളിലെത്തിക്കാൻ റോഡ് വെട്ടുന്ന പ്രവർത്തനം പുരോഗമിക്കുന്നു. അതേസമയം, മുകളിൽ നിന്നു 120 മീറ്ററോളം തുരന്നിറങ്ങുമ്പോൾ താഴെ തുരങ്കം ഇടിയാൻ സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്.
90 സെന്റിമീറ്റർ വ്യാസമുള്ള 10 കുഴലുകൾ ഒന്നിനു പിറകെ ഒന്നായി തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ കയറ്റി തൊഴിലാളികളിലേക്കെത്തിച്ച് അതുവഴി അവരെ പുറത്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ട കുഴലുകൾ 30 മീറ്റർ സഞ്ചരിച്ചപ്പോൾ വലിയ പാറകളിൽ തട്ടി നിന്നു. അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ്ങുമായി ധാമിയുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞെന്നാണ് വിവരം. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാൻ രക്ഷാപ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലെ മുൻ ഉപദേഷ്ടാവ് ഭാസ്‌കർ ഖുൽബെയും പിഎംഒ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗിൽഡിയാലും നിർേദശം നൽകി. ഭാസ്‌കർ ഖുൽബെയും ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗിൽഡിയാൽ, ഡിസാസ്റ്റർ മാനേജ്‌മെന്റ് സെക്രട്ടറി രഞ്ജീത് സിൻഹ എന്നിവർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
© Copyright 2024. All Rights Reserved