ഏപ്രിൽ മുതൽ കുടുംബങ്ങളുടെ ബജറ്റിൽ 300 പൗണ്ട് വരെ ലാഭം കൈവരാൻ വഴിയൊരുങ്ങുന്നു. എനർജി ബില്ലുകളിൽ മികച്ച ലാഭം സമ്മാനിക്കാൻ ഓഫ്‌ജെം എനർജി പ്രൈസ് ക്യാപ്പ് കുറയ്ക്കുന്നതാണ് ഇതിനു കാരണം. സ്പ്രിംഗ് സീസണിൽ പ്രൈസ് ക്യാപ്പിൽ 16% കുറവാണ് വരുത്തുകയെന്നാണ് പ്രവചനങ്ങൾ.
ഏപ്രിൽ മുതൽ ശരാശരി പ്രതിവർഷ ബില്ലുകൾ 1928 പൗണ്ടിൽ നിന്നും 1620 പൗണ്ടിലേക്കാണ് താഴുകയെന്ന് കോൺവാൾ ഇൻസൈറ്റ്‌സ് പ്രവചിക്കുന്നു. ഏപ്രിൽ 1 മുതൽ 40 പൗണ്ടെങ്കിലും കുറവ് വരുമെന്നാണ് ഡിസംബറിൽ പ്രവചിച്ചിരുന്നത്.
ജൂലൈ 1 മുതൽ എനർജി ബില്ലുകൾ പ്രതിവർഷം 1497 പൗണ്ടിലേക്ക് താഴുമെന്നാണ് പ്രവചനം. മുൻപത്തെ പ്രവചനമായ 1590 പൗണ്ടിലും താഴേക്ക് നിരക്കുകൾ പോകുമെന്നാണ് കോൺവാൾ ഇൻസൈറ്റ്‌സ് ഇപ്പോൾ പ്രവചിക്കുന്നത്. ശരാശരി കുടുംബങ്ങളുടെ ബില്ലിനെ ബാധിക്കുന്ന ഓഫ്‌ജെം പ്രൈസ് ക്യാപ്പ് കുറയുന്നതോടെ ബില്ലുകളിൽ പ്രതിവർഷം 300 പൗണ്ട് വരെയാണ് കുറവ് സംഭവിക്കുക.
ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളിൽ യൂണിറ്റിന് ഈടാക്കാൻ കഴിയുന്ന പരമാവധി തുകയാണ് പ്രൈസ് ക്യാപ്പ് പരിധി നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന ഉപയോഗത്തിന് കൂടുതൽ ബില്ലും നൽകേണ്ടി വരും. ഓരോ മൂന്ന് മാസത്തിലും വേണ്ടിവരുന്ന ചെലവുകൾ ആസ്പദമാക്കിയാണ് പ്രൈസ് ക്യാപ്പ് അഡ്ജസ്റ്റ് ചെയ്യുന്നത്. ഡിഫോൾട്ട്, വേരിയബിൾ താരിഫുകളിലുള്ള 29 മില്ല്യൺ കസ്റ്റമേഴ്‌സിനെയാണ് ഓഫ്‌ജെം പ്രൈസ് ക്യാപ്പ് ബാധിക്കുന്നത്.
© Copyright 2025. All Rights Reserved