ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറി. കൊല്ലം ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ്
അന്വേഷണ സംഘം.
അതേസമയം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. പൊലീസ് മുഴുവൻ പ്രതികളെയും പിടികൂടിയെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. വീടിനു സമീപത്ത് കാർ നിർത്തി പെൺകുട്ടിയെ തട്ടിയെടുത്തപ്പോൾ കുട്ടിയുടെ സഹോദരന് പരിക്കേറ്റിരുന്നു. സഹോദരിയെ കാറിൽ കയറ്റുമ്പോൾ ഒരു സ്ത്രീയുൾപ്പെടെ നാലുപേരുണ്ടായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ, പൊലീസിന് അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ കഴിഞ്ഞിരുന്നില്ല.
© Copyright 2024. All Rights Reserved