കേരളത്തിൽ നിന്നും രാഷ്ട്രീയ നേതാക്കൾ വരുകയും പോകുകയും ചെയ്യുന്നത് അത്ര വലിയ വാർത്തയായി മാറാത്ത യുകെ മലയാളികൾക്കിടയിൽ കേവലം എംഎൽഎ എന്ന വിശേഷണത്തോടെ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനു വീരോചിത സ്വീകരണം. സ്ത്രീകൾ അടക്കമുള്ളവർ ആരാധനയോടെയാണ് രാഹുലിനെ കാണാൻ എത്തിയതും അദ്ദേഹത്തിനൊപ്പം സെൽഫി സ്വന്തമാക്കിയതും. സാധാരണക്കാർക്കിടയിൽ ഒരു ഹീറോയായി ഉയർന്ന ഉയർന്ന രാഹുലിന്റെ പൊളിറ്റിക്കൽ ഗ്രാഫ് എത്ര ഉയരെയാണ് എന്നതും പ്രവാസലോകത്ത് പോലും അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത തെളിവായി മാറുകയാണ്. ഒരോളമായ്, താളമായ് താരമായെത്തിയ രാഹുലിനെ യുകെയിലെ നാനാഭാഗത്തും നിന്നുമുള്ള പ്രവർത്തകർ ചേർന്നാണ് കവൻട്രി ടിഫിൻ ബോക്‌സിൽ നടന്ന ചടങ്ങിൽ സ്വീകരിച്ചത് .
-------------------aud--------------------------------
ഇന്നലെ ഉച്ചക്ക് ബർമിങ്ഹാം വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ ഒഐസിസി പ്രെസിഡന്റ്് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ സ്വീകരിച്ച ശേഷം മണിക്കൂറുകൾക്കകം വിശ്രമം പോലും ഇല്ലാതെയാണ് അദ്ദേഹം സ്വീകരണ ചടങ്ങിലേക്ക് എത്തിയത്. ബ്രിട്ടനിലെ സമയക്രമവുമായി പൊരുത്തപ്പെടാൻ ഉള്ള സമയം പോലും ലഭിക്കാതെ ക്ഷീണിതനായ രാഹുൽ കോൺഗ്രസ് പ്രവർത്തകരുടെ സ്‌നേഹം അടുത്തറിഞ്ഞതോടെ പൂർവാധികം ഉഷാറാകുന്ന കാഴ്ചയും ടിഫിൻ ബോക്‌സിൽ കാണാനായി. ഒഐസിസി ഭാരവാഹികളായ ഷൈനു ക്ലെയർ, റോമി കുര്യാക്കോസ്, മണികണ്ഠൻ ഐക്കാഡ്, ജോബിൻ സെബാസ്റ്റിയൻ എന്നിവർ നടത്തിയ ഹൃസ്വ പ്രസംഗത്തിന് ശേഷം രാഹുൽ നടത്തിയ മറുപടി പ്രസംഗവും ഹൃദയ സ്പർശി ആയിരുന്നു. ആയിരകണക്കിന് കിലോമീറ്ററുകൾ അകലെ പ്രവാസി ലോകത്തു നാടിന്റെ നന്മകളും ചൂടും ചൂരും ഹൃദയത്തിലേറ്റി ജീവിക്കുന്ന മറ്റൊരു പ്രവാസി സമൂഹത്തെ ലോകത്തെവിടെ ചെന്നാലും കാണാനാകില്ല എന്നാണ് അദ്ദേഹം എടുത്തു പറഞ്ഞത്. പൊതുവെ വിദേശ രാജ്യങ്ങളിൽ അധികം പോകാറില്ലാത്ത തനിക്ക് എംഎൽഎ ആയ ശേഷം ആദ്യമായി എത്താനായത് യുകെയിൽ ആണെന്നത് ഒരു നിയോഗമായി മാത്രമാണ് തോന്നുന്നതും എന്നും പറഞ്ഞു . ഇപ്പോൾ നാട്ടിലെ ചെറു ആഘോഷങ്ങളിൽ പോലും പ്രവാസികൾ വരുന്നതും സജീവമായി പങ്കെടുക്കുന്നതും ഒക്കെ സാധാരണ കാഴ്ചയാകുമ്പോൾ പരസ്പര സഹവർത്തിത്വം കൂടുതലായി ഉണ്ടാകുന്നതും ഏറ്റവും നല്ല അനുഭവമായി തോന്നുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ നിലനിൽപിന് പോലും സാധ്യമായ നിലയിൽ വിദേശ നാണയം എത്തിക്കുന്ന പ്രവാസി സമൂഹത്തെ മറന്നു ഒരു മലയാളിക്കും മുന്നോട്ട് പോകാനാകില്ല എന്നും രാഹുൽ വ്യക്തമാക്കി. അതിനാൽ പ്രവാസികൾ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങൾ കേൾക്കാനും അതിനു സാധ്യമായ പരിഹാരം കണ്ടെത്താനും സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഉത്തരവാദിത്തമുണ്ട് എന്നും രാഹുൽ ചൂണ്ടിക്കാട്ടി. തുടർന്ന് മാധ്യമ പ്രവർത്തകനായ കെ ആർ ഷൈജുമോനുമായി നടത്തിയ ടോക്ക് ഷോയിലും രാഹുൽ കത്തിക്കയറുക ആയിരുന്നു. മാധ്യമ ലോകത്തെ തെറ്റായ പ്രവണതകൾ ചൂണ്ടികാണിച്ചു മുന്നേറിയ രാഹുൽ ക്ഷീണവും വിശ്രമമില്ലായ്മയും ഒക്കെ നൊടിനേരത്തിൽ മറന്നു കളയുക ആയിരുന്നു. ചോദ്യങ്ങളുടെ കൊണ്ടും കൊടുത്തും മറുപടി നൽകി മുന്നേറവെ പാലക്കാട് നഗരസഭാ 2025 ൽ കോൺഗ്രസിന്റെ കൈകളിൽ എത്തും എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.ഒരു ഭരണസംവിധാനത്തെയും അട്ടിമറിച്ചു അധികാരം കൈക്കലാക്കുക എന്നത് കോൺഗ്രസ് നയം അല്ലാത്തതിനാൽ തികച്ചും ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ പാലക്കാട് അധികാരത്തിൽ എത്തും എന്നദ്ദേഹം ഉറപ്പിച്ചു പറയുക ആയിരുന്നു. വേണ്ടി വന്നാൽ രാഷ്ട്രീയ പിന്നാമ്പുറ കളി നടത്തുവാൻ തയാറായാൽ കോൺഗ്രസിന് ഇപ്പോൾ തന്നെ പാലക്കാട് സ്വന്തമാക്കാമെങ്കിലും അതിനു ശ്രമിക്കാത്തത് വളഞ്ഞ വഴി ആണെന്നത് കൊണ്ട് ആണെന്നും രാഹുൽ പറഞ്ഞു.കോൺഗ്രസുകാരെ പേടിത്തൊണ്ടന്മാരും പോലീസിനെ കാണുമ്പോൾ ഓടുന്നവരും ഒക്കെയായി ചിത്രീകരിക്കുന്നത് ചില സിനിമാക്കാരുടെ കുല്‌സിത ബുദ്ധി ആണെന്ന ആക്ഷേപവും രാഹുൽ ഉന്നയിച്ചു. ക്ലാസ്മേറ്റ്‌സ് , ഒരു മെക്‌സിക്കൻ അപരത എന്നീ ചിത്രങ്ങളും അദ്ദേഹം പരാമർശിച്ചാണ് തന്റെ വാദത്തിന്റെ മൂർച്ച കൂട്ടിയത്. മാധ്യമങ്ങളാകട്ടെ ടിആർപി റേറ്റിങ് കൂട്ടാൻ വാർത്ത തമ്‌സ്‌കരണവും അർദ്ധ സത്യങ്ങളുമായി നിറഞ്ഞാടുകയാണ്. പാലക്കാട് ബിജെപി രണ്ടാം സ്ഥാനത്തുള്ള പാർട്ടിയാകുമ്പോൾ അവരെ വിജയ പ്രതീക്ഷയിൽ എത്തിക്കുന്നു എന്ന റിപ്പോർട്ടിങ് ശൈലി എരിവും പുളിയും ചേർന്നാൽ ജനങ്ങൾ കൂടുതൽ ആവേശത്തോടെ ആ വാർത്തകൾ തേടിയെത്തും എന്ന മാർക്കറ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗം മാത്രമാണ്. പക്ഷെ ജനങ്ങൾക്ക് മാധ്യമങ്ങളെക്കാൾ ഉയർന്ന ചിന്താഗതി ഉള്ളതിനാൽ ഇത്തരം ഗിമ്മിക്കുകൾ ഒന്നും ഏശാൻ ഉള്ള സാധ്യതയും ഇല്ലെന്നും രാഹുൽ ഓർമ്മിപ്പിച്ചു.
© Copyright 2024. All Rights Reserved