മനുഷ്യ ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത എന്ന് പല മഹാരഥന്മാരും പറഞ്ഞ ഹോളോകാസ്റ്റിന്റെ ഓർമ്മകളുമായി അവർ ഒത്തുകൂടി. ഓർക്കാൻ ഇഷ്ടപ്പെടാത്ത, എന്നാൽ മരണത്തോടുകൂടി മാത്രമെ വിട്ടുമാറുകയുള്ളൂ എന്ന് വാശിപിടിക്കുന്ന ആ കയ്ക്കുന്ന ഓർമ്മകളുമായി ഒത്തുകൂടിയവർക്കൊപ്പം വികാരാധീനനായി ചാൾസ് രാജാവുമെത്തി. ക്രൂരതകൾക്ക് വേദിയൊരുക്കിയ ഓഷ്വിറ്റ്‌സ് ബെർക്കനോവിലായിരുന്നു അതിന്റെ എൺപതാം വാർഷികാചരണം നടന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ ചാൾസ് മൂന്നാമൻ രാജാവ്, ഓഷ്വിറ്റ്‌സ് ബെർക്കനോ സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രത്തലവനാണ്.
-------------------aud--------------------------------
മുൻ നാസി കോൺസൻട്രേഷൻ ക്യാമ്പുകളിൽ അനുഭവിച്ച യാതനകൾ, അതിൽ നിന്നും രക്ഷപ്പെട്ടവർ വിവരിച്ചപ്പോൾ രാജാവ് അതെല്ലാം കേട്ടിരുന്നത് കണ്ണുനീരോടെയായിരുന്നു. മുൻ നാസി ക്യാമ്പായിരുന്ന ഇവിടം ഇന്ന് മ്യൂസിയമാണ്. ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, സ്പെയിനിലെ രാജാവ് ഫിലിപ് ആറാമനും രാജ്ഞി ലെറ്റിസിയയും, യുക്രെയിൻ പ്രസിഡണ്ട് വൊക്കോഡിമിർ സെലെൻസ്‌കി, നെതർലൻഡ്‌സിലെ രാജാവ് വില്യം അലക്സാണ്ടർ, മാക്സിമ രാജ്ഞി എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഹിറ്റ്‌ലറുടെ ക്രൂരതകൾ അതിജീവിച്ചവർ ചടങ്ങിൽ സംസാരിച്ചു. അതിൽ ഉൾപ്പെടുന്ന 98 കാരിയായ മരിയൻ ടർസ്‌കി ഇപ്പോൾ വീണ്ടും വലിയ രീതിയിൽ യഹൂദ വിരുദ്ധത ഉയർന്നു വരുന്നതായി ചൂണ്ടിക്കാണിച്ചു. നേരത്തെ റോയൽ എയർഫോഴ്സ് വിമാനത്തിലെത്തിയ ചാൾസ് രാജാവിനെ വിശിഷ്ട വ്യക്തികൾ ചേർന്ന് സ്വീകരിച്ചു. ഹോൾകോസ്റ്റ് അതിജീവിച്ചവരുടെ അനുഭവങ്ങൾ കേട്ട രാജാവ്, പിന്നീട് നഗരത്തിൽ ജ്യൂവിഷ് കമ്മ്യൂണിറ്റി സെന്ററും സന്ദർശിച്ചു. നഗരത്തിൽ യഹൂദരുടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിൽ ജെ സി സി വഹിച്ച പങ്കിനെ കുറിച്ചും സന്നദ്ധപ്രവർത്തകർ രാജാവിന് വിശദീകരിച്ചു കൊടുത്തു.
അതേസമയം, ലണ്ടനിൽ വെയ്ൽസ് രാജകുമാരനും രാജകുമാരിയും ഔദ്യോഗിക ഹോളോകാസ്റ്റ് ഓർമ്മ ദിനത്തിൽ പങ്കെടുത്തു. ആക്രമത്തിനും വെറുപ്പിനും മുൻപിൽ കൈകെട്ടി നിശബ്ദരായി നോക്കി നിൽക്കില്ല എന്ന പ്രതിജ്ഞയെടുക്കാൻ ലോകത്തിന് ഹോളോകാസ്റ്റിനെ കുറിച്ചുള്ള ചിന്തകൾ മതി എന്നായിരുന്നു രാജാവ് ജെ സി സി അംഗങ്ങളുമായി സംസാരിക്കുമ്പോൾ പറഞ്ഞത്. തന്റെ പോളണ്ട് സന്ദർശനം, ദുഃഖം കെട്ടിനിൽക്കുന്ന അന്തരീക്ഷത്തിലാണെങ്കിൽ പോലും ഒരു പുണ്യമായി കണക്കാക്കുന്നു എന്നും രാജാവ് പറാഞ്ഞു.
© Copyright 2024. All Rights Reserved