ചെന്നൈ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ പുറത്തെടുത്ത തന്ത്രങ്ങൾ വിവരിച്ച് ആർ. അശ്വിൻ. ഓസ്ട്രേലിയയ്ക്ക് ഭാഗ്യം കൊണ്ടല്ല ലോകകപ്പ് കിട്ടിയതെന്ന് ആർ അശ്വിൻ യൂട്യൂബ് ചാനലിൽ വ്യക്‌തമാക്കി. “അത്രയും മികച്ച തന്ത്രങ്ങളാണ് അവർ ഫൈനലിൽ പുറത്തെടുത്തത്. ലോകകപ്പിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ പാറ്റ് കമിൻസ് ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ഫൈനലിലേക്കെത്തിയ 4-5 മത്സരങ്ങളിൽ കമിൻസ് എറിഞ്ഞ പന്തുകളിൽ 50 ശതമാനത്തോളം കട്ടറുകളാണ്."- അശ്വിൻ പറഞ്ഞു.
"ടോസ് കൃത്യമായി ഉപയോഗിച്ചതിനു പിന്നാലെ കളി തന്നെ മാറ്റിക്കളയുന്ന ബോളിങ് ആയിരുന്നു കമിൻസിൻ്റേത്. ഫീൽഡിങ് ഒരുക്കുന്നതിലും കമിൻസ് ഞെട്ടിച്ചു എന്നു പറയാം. വ്യക്‌തിപരമായി കമിൻസും ഓസ്ട്രേലിയയും എന്നെ പറ്റിച്ചു. വലിയ മത്സരങ്ങളിൽ ടോസ് ജയിച്ചാൽ ബാറ്റിങ്ങിന് ഇറങ്ങുന്നതാണ് ഓസ്ട്രേലിയയുടെ രീതി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ച് നിർമാണത്തിന് ഉപയോഗിച്ച മണ്ണ് ഒറിസയിൽനിന്നുള്ളതാണ്. ഇത്തരം പിച്ചുകളിൽ ബൗൺസ് വളരെ കുറവായിരിക്കും. ഇന്നിങ്സിന് ഇടയിൽ ഓസീസ് ടീം സിലക്‌ടർ ജോർജ് ബെയ്ലിയുമായി ഞാൻ സംസാരിച്ചിരുന്നു. എന്തുകൊണ്ട് ബാറ്റിങ് തിരഞ്ഞെടുത്തില്ലെന്നാണ് അദ്ദേഹത്തോടു ചോദിച്ചത്.'' "ഇന്ത്യയിൽ പരമ്പരകളും ഐപിഎല്ലും കളിച്ചു പരിചയമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ബ്ലാക് സോയിലിൽ രണ്ടാമതു ബാറ്റ് ചെയ്യുന്നതാണു നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത്. ചുവന്ന മണ്ണിൽ ഇതു ബുദ്ധിമുട്ടായിരിക്കും. രാത്രിയിൽ ബ്ലാക് സോയിൽ പിച്ചുകൾ കോൺക്രീറ്റ് പോലെ കട്ടിയുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മറുപടി കേട്ട് ഞാൻ വായിൽ കൈവച്ചുപോയി. ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ച് അവർ അത്രയും മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യൻ ടീം മികച്ച കളിയാണു പുറത്തെടുത്തത്. ലോകകപ്പ് മത്സരം കാണാൻ ഇത്രയേറെ ആരാധകർ എത്തിയതിലും എനിക്കു സന്തോഷമുണ്ട്.''- അശ്വിൻ പ്രതികരിച്ചു.
© Copyright 2024. All Rights Reserved