സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ സുപ്രീംകോടതി നിർദേശാനുസരണം കേന്ദ്ര സർക്കാരുമായി ധനമന്ത്രി കെ.എൻ.
ബാലഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെന്നും കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്നും ബാലഗോപാൽ പറഞ്ഞു. കോടതിയിൽ കേസ് നിൽക്കുമ്പോൾ എങ്ങനെ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥർ സ്വീകരിച്ചത്. കേരളം സുപ്രീംകോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കും. കേന്ദ്ര ധനകാര്യ സെക്രട്ടറി, അഡീഷണൽ സോളിസിറ്റർ ജനറൽ എന്നിവരുൾപ്പെടെ ചർച്ചയിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ കൂടാതെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ പങ്കെടുത്തു.
മറ്റുകാര്യങ്ങൾ നാളെ സെക്രട്ടറിതലത്തിൽ ചർച്ച ചെയ്യും. ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. ന്യായമായി കിട്ടേണ്ട കാര്യങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. അടിയന്തരമായി ലഭിക്കേണ്ട കാര്യങ്ങളിൽ പ്രത്യേക നിവേദനം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
© Copyright 2023. All Rights Reserved