ബ്രിട്ടന്റെ പല ഭാഗങ്ങളിലും ഈ വാരാന്ത്യത്തിൽ തണുപ്പ് കുറയുമെന്ന് മെറ്റ് ഓഫീസ് പ്രവചനം. ശരാശരി താപനില 14 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ, രാത്രികാല താപനിലയും പത്ത് ഡിഗ്രിക്ക് മുകളിലായി തുടരും. അറ്റ്‌ലാന്റിക്കിൽ നിന്നെത്തുന്ന ഉഷ്ണവാതമാണ് ഈ അസാധാരണമായ ഡിസംബർ മാസ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. തീർത്തും അസാധാരണമായ ഈ കാലാവസ്ഥ രാജ്യത്തിന്റെ മദ്ധ്യ മേഖലയിലും വടക്കൻ മേഖലയിലുമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജെറ്റ് പ്രവാഹങ്ങൾ ന്യൂനമർദ്ദ മേഖലകൾ തീർത്തിരുന്നു. നാമകരണം ചെയ്യപ്പെട്ട രണ്ട് കൊടുങ്കാറ്റുകൾക്കും രാജ്യം സാക്ഷിയായി. ഇപ്പോൾ പ്രവാഹങ്ങൾ കൂടുതൽ ഉത്തര ദിശയിലേക്ക് മാറാൻ തുടങ്ങിയതോടെ ന്യൂനമർദ്ദ മേഖലകളിൽ മർദ്ധം വർദ്ധിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനു മുൻപ് ബ്രിട്ടനിൽ ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് നാല് വർഷം മുൻപായിരുന്നു. അന്ന് ഹൈലാൻഡ്‌സിലെ ആക്ക്ഫാറിയിൽ , 2019 ഡിസംബർ 28 ന് രേഖപ്പെടുത്തിയത് 18.7 ഡിഗ്ഗ്രി സെൽഷ്യസ് ആയിരുന്നു.താപനില അതുപോലെ ഉയരില്ലെങ്കിലും, 14 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിൽ കണ്ടതിന് വിരുദ്ധമായി, ഒരുപക്ഷെ, ഡിസംബറിന് അജ്ഞാതമായിരുന്ന ഇളം ചൂടുള്ള വാരാന്ത്യമായിരിക്കും ഇനി വരുന്നത്. കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിൽ രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ പകൽ സമയത്ത് പോലും താപനില ഫ്രീസിംഗ് പോയിന്റിന് താഴെ പോയിരുന്നു. ഈ ആഴ്ച്ച ജെറ്റ് പ്രവാഹങ്ങൾ ഉത്തര ദിശയിലേക്ക് മാറുന്നതിനാൽ, മർദ്ധം ഉടലെടുക്കും. ഇത് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയ്ക്ക് കാരണമാകുമെന്നും മെറ്റ് ഓഫീസ് പറയുന്നു.മലനിരകളുടെ ഒരു ഭാഗത്ത് തണുത്തതും ഈർപ്പമേറിയതുമായ കാലാവസ്ഥയും മറു ഭാഗത്ത് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും നൽകുന്ന ഫോഹെൻ പ്രഭാവത്തിനും ഇത് കാരണമായേക്കാം എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പറയുന്നു. ബ്രിട്ടനിൽ ഇത് നടക്കാൻ ഏറെ സാധ്യതയുള്ളത് ഹൈലാൻഡ്‌സിലായിരിക്കും. അതായത്, പടിഞ്ഞാറൻ ഭാഗങ്ങളിൽ ഈർപ്പമേറിയ കാലാവസ്ഥ അനുഭവപ്പെടുമ്പോൾ, താരതമ്യേന ഉയരം കുറഞ്ഞ കിഴക്കൻ പ്രദേശത്ത് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ അനുഭവപ്പെടും.അതിനിടയിൽ, സെവേൺ നദിയിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പലയിടങ്ങളിലും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ തടയണകൾ കെട്ടിയുയർത്താൻ തുടങ്ങിയിട്ടുണ്ട്.. ഷ്രൂസ്ബറിയിലെ ഫ്രാങ്ക്വെൽ ഭാഗത്ത് നദി കരകവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ എൻവിറോണ്മെന്റ് ഏജൻസികൾ പ്രളയ പ്രതിരോധങ്ങൾ ഉയർത്തിക്കഴിഞ്ഞു. നാളെ വേഴ്സ്റ്റർഷയറിലും നദി കരകവിയുമെന്നാണ് കരുതുന്നത്.പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ നാൽപതിലധികം പ്രളയ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സ്‌കോട്ട്‌ലാൻഡിലും വടക്ക് കിഴക്കൻ ഇംഗ്ലണ്ടിലും 1.6 ഇഞ്ച് വരെ മഴ ലഭിക്കും എന്നാണ് പ്രവചനം.
© Copyright 2024. All Rights Reserved