കണ്ടല സഹകരണ സംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിപിഐ നേതാവ് എൻ. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കസ്റ്റഡിയിലെടുത്തു.
ഭാസുരാംഗന്റെ വീടുകളിലും സഹകരണ സംഘത്തിന്റെ ഓഫിസിലും നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങളും രേഖകളും ലഭിച്ചെന്ന് ഇഡി വ്യക്തമാക്കി. അതിനിടെ ബുധനാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്ത ഭാസുരാംഗനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രണ്ട് മൊബൈൽ ഫോണുകളും ഇഡി പിടിച്ചെടുത്തു.
24 മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ മാറനല്ലൂർ ക്ഷീരവികസന സംഘത്തിൽ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അഖിൽജിത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത അഖിൽജിത്തിനെ സംഘത്തിന്റെ ടൗൺ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുത്തു. കണ്ടല സഹകരണ സംഘത്തിന്റെ മാറനല്ലൂർ ടൗൺ ബ്രാഞ്ചിൽ അഖിൽജിത്തിന്റെ സാന്നിധ്യത്തിൽ ഇന്നലെ വൈകിയും പരിശോധന തുടരുകയാണ്. ലോക്കറുകൾ തുറന്നു പരിശോധിച്ചു. ഇതിനായി കൂടുതൽ ഇഡി ഉദ്യോഗസ്ഥർ ടൗൺ ബ്രാഞ്ചിലെത്തി.
കണ്ടല സഹകരണ സംഘത്തിൽ വർഷങ്ങളായി തുടരുന്ന ക്രമക്കേടുകളുടെ ഫലമായി 101 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കരുതുന്നു. ഈ കാലയളവിൽ സംഘത്തിന്റെ ഭരണസമിതി അധ്യക്ഷനായിരുന്ന ഭാസുരാംഗന്റെ ആസ്തി വർധിച്ചതാണ് ഇഡിയെ ഇവിടേക്ക് എത്തിച്ചത്. 2005 മുതൽ 2021 ഡിസംബർ വരെ നിക്ഷേപമായി ലഭിച്ച തുകയിൽ നിന്ന് 80.27 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ. മാത്രമല്ല സംഘത്തിന് കീഴിലുള്ള സഹകരണ ആശുപത്രിയുടെ സ്ഥാവരജംഗമ വസ്തുക്കളിൽ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണെന്നും കണ്ടെത്തി. നിക്ഷേപത്തിൽ നിന്ന് ചിട്ടികളിലേക്ക് പത്തുകോടി വകമാറ്റി. 2005-06 വർഷത്തിൽ അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേക്കും ചെലവിനായി 3.9 കോടി വകമാറ്റിയിട്ടുണ്ട്..
സഹകരണ സംഘം തട്ടിപ്പുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്ത കണ്ടല സഹകരണസംഘം മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗനെ മിൽമയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്നു നീക്കി. സിപിഐ പ്രാഥമികാംഗത്വത്തിൽ നിന്നും ഇയാളെ പുറത്താക്കി.
മിൽമ തിരുവനന്തപുരം മേഖലാ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് ഭാസുരാംഗനെ നീക്കം ചെയ്തകാര്യം ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയാണ് അറിയിച്ചത്. മിൽമ അനുവദിച്ചിരുന്ന വാഹനവും ഇയാളിൽ നിന്ന് തിരിച്ചെടുത്തു. മിൽമ അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനർ പദവിയിൽ നിന്നും ഉടൻ നീക്കം ചെയ്യുമെന്നാണു വിവരം.
സഹകരണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാസുരാംഗനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും സിപിഐ നടപടിയെടുക്കാതിരുന്നത് കടുത്ത വിമർശനത്തിന് കാരണമായിരുന്നു. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ 2021ൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ ഭാസുരാംഗനെതിരെ നിരവധി ക്രമക്കേടുകൾ തെളിവുസഹിതം അക്കമിട്ട് നിരത്തിയിരുന്നു. എന്നിട്ടും സിപിഐ ഇയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഒടുവിൽ ഭാസുരാംഗൻ ഇഡി കസ്റ്റഡിയിലായതോടെ മുഖം രക്ഷിക്കാൻ ഇന്നലെ ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ടുമുമ്പ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നാലെ മിൽമയിലെ പദവിയും തെറിച്ചു.
© Copyright 2024. All Rights Reserved