മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തി. ഇന്ന്(17-11-2023) അർദ്ധരാത്രി മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകന് കാണാനാകും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഒരു കൊലപാതകവും അത് തെളിയിക്കാനായി മമ്മൂട്ടി അടങ്ങുന്ന നാൽവർ സംഘത്തെ നിയോഗിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. ജോർജ് മാർട്ടിൻ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേര്. ശബരീഷ് വർമ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്കൊപ്പം ഇതര ഭാഷാ അഭിനേതാക്കളും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. വൻ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ചിത്രത്തിന് ആദ്യദിനം മുതൽ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ഏതാനും ആഴ്ചയ്ക്കുള്ളിൽ 50 കോടി പിന്നിട്ട ചിത്രം കഴിഞ്ഞ ദിവസം വരെ എൺപത്തി രണ്ട് കോടിയോളം നേടിയെന്നാണ് വിവരം. കേരളത്തിൽ നിന്നുമാത്രം നേടിയത് നാല്പത്തി രണ്ട് കോടി ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. അതേസമയം, ടർബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. കാതൽ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബർ 23ന് തിയറ്ററുകളിൽ എത്തും..
© Copyright 2023. All Rights Reserved