യുഎസ് കമ്പനി ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്‌മാനെ പുറത്താക്കിയ കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സിൻ്റെ നടപടിയിൽ വൻ ട്വിസ്‌റ്റ്. വലിയ വാർത്താ പ്രാധാന്യം നേടിയ പുറത്താക്കൽ നടപടി സംഭവിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സാം ആൾട്‌മാൻ അതേ സ്‌ഥാനത്തു തിരിച്ചെത്തി. സാം ആൾട്‌മാനെ തിരികെ സിഇഒ സ്ഥാനത്തു നിയമിക്കാനും പുതിയ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാനും കമ്പനി തീരുമാനിച്ചു. സാം ആൾട്‌മാനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ മനംമാറ്റം.
എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ച കുറിപ്പിലൂടെയാണ്, സാം ആൾട്‌മാനെ തിരിച്ചെത്തിക്കാനും പുതിയ ബോർഡ് അംഗങ്ങളെ നിയോഗിക്കാനും തീരുമാനിച്ചതെന്ന് ഓപ്പൺ എഐ വ്യക്തമാക്കി. ബ്രെറ്റ് ടെയ്ലർ, ലാറി സമ്മേഴ്‌സ്, ആദം ഡി ആഞ്ചലോ എന്നിവരാണ് പുതിയ ബോർഡ് അംഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട് നിലവിൽ തത്വത്തിൽ തീരുമാനമായെന്നും, കരാറിന്റെ വിശദാംശങ്ങൾ വിശദമായ ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സാം ആൾട് മാനും എക്‌സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചിട്ടുണ്ട്. ചാറ്റ്ജിപിടി, ഡാൽ-ഇ തുടങ്ങിയ എഐ സാങ്കേതികവിദ്യകൾക്കു പിന്നിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനിയായ ഓപൺഎഐ, അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിഇഒ സ്‌ഥാനത്തുനിന്ന് ആൾട്‌മാനെ പുറത്താക്കിയത്. ഓപൺഎഐ സഹസ്ഥാപകനായ ഇല്യ സട്വർ ആണ് ഗൂഗിൾ മീറ്റ് വഴി ആൾട്‌മാനെ പുറത്താക്കിയത്. അൽബേനിയൻ വംശജയും നിലവിൽ ഓപൺഎഐ സിടിഒയുമായ മീര മുറാത്തിയെ ഇടക്കാല സിഇഒ ആയി നിയമിക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved