യുകെ സമ്പദ് വ്യവസ്ഥ മെല്ലെ കരകയറുന്നതും പണപ്പെരുപ്പം കുറഞ്ഞുവരുന്നതും പൗണ്ടിന് നേട്ടമാകുന്നു. യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറൻസി കരുത്തു നേടിയത്.
സ്റ്റെർലിംഗ് 1.28ഡോളറാണ് മുന്നോട്ട് പോയത്. ആഗസ്റ്റ് 1ന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്. ഇതിന് ശേഷം ചെറിയ തോതിൽ നേട്ടം നഷ്ടമാക്കുകയും ചെയ്തു. അടുത്ത വർഷം ഡോളറിന് എതിരെ സ്‌റ്റെർലിംഗ് കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളർ വരെ എത്തുമെന്നാണ് യുഎസ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ഗോൾഡ്മാൻ സാഷസ് പ്രവചനം.
കഴിഞ്ഞ വർഷത്തെ ലിസ് ട്രസിന്റെ നാശം വിതച്ച മിനി ബജറ്റിന് ശേഷം 1.04 ഡോളറിലേക്ക് റെക്കോർഡ് തകർച്ച നടത്തിയ ശേഷമാണ് ഈ ശക്തമായ തിരിച്ചുവരവ്. യുഎസ് ഫെഡറൽ റിസർവ് അടുത്ത വർഷം പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള നടപടികൾക്ക് തുടക്കം കുറിയ്ക്കുമെന്ന പ്രതീക്ഷ സജീവമാണ്. ഈ മേച്ചിൽപ്പുറം പ്രതീക്ഷിച്ചാണ് പൗണ്ടും നിൽക്കുന്നത്.
അടുത്ത വർഷം മാർച്ച് 6ന് ചാൻസലർ ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റിലും വിപണി ഉറ്റുനോക്കുന്നുണ്ട്. പണപ്പെരുപ്പം കുറയ്ക്കാനുള്ള പരിശ്രമങ്ങൾ തകർച്ചയിലേക്ക് നയിക്കാതെ, സോഫ്റ്റ് ലാൻഡിംഗ് നടത്താൻ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുമെന്ന് ബ്ലൂംബർഗ് 52 ഇക്കണോമിസ്റ്റുകൾക്ക് ഇടയിൽ നടത്തിയ സർവ്വെ വ്യക്തമാക്കുന്നു.
പുതുവർഷത്തിൽ കാര്യങ്ങൾ കടുപ്പമാണെങ്കിലും ജിഡിപി 0.3 ശതമാനം വളരുമെന്ന് ഇവർ പ്രവചിക്കുന്നു. കുറഞ്ഞ പണപ്പെരുപ്പത്തിന്റെ ഗുണങ്ങൾ ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയും, കൂടാതെ ജീവിതച്ചെലവ് പ്രതിസന്ധികളും അവസാനിക്കുന്നത് ഗുണകരമാകും. രൂപയ്‌ക്കെതിരെയും പൗണ്ട് കരുത്തുറ്റ നിലയിലാണ്. 105.98 എന്ന നിലയിലാണ് പൗണ്ട്. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രവാസികളുടെ താൽപ്പര്യം കൂടിയിട്ടുണ്ട്.
© Copyright 2023. All Rights Reserved