രണ്ട് വർഷത്തിലേറെയായി ഇസ്രായിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു നൗറയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വാർത്ത അൽ ജസീറ പുറത്തു വിട്ടു. യുദ്ധഭൂമിയാണെങ്കിലും ആശുപത്രി സേവനമായതിനാൽ പതിവ് പോലെ ജോലിക്കെത്തിയതായിരുന്നു നൗറ. എന്നാൽ ഓഫീസിൽ എത്തിയപ്പോൾ തന്നെ മാനേജർ അവരെ വിളിപ്പിച്ചു. പലസ്തീൻകാരിയായ നൗറയെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരികെ വരേണ്ടെന്നുമായിരുന്നു മാനേജറുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം. ജോലിയിൽ നിന്ന് പിരിച്ചുവിട്ടുള്ള നടപടിയിൽ അപമാനം തോന്നുന്നുവെന്നും ഇത് വിശ്വസിക്കാനാകുന്നില്ലെന്നും നൗറ പ്രതികരിച്ചു. ഇസ്രായിലെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും അവിടെ വസിക്കുന്ന പലസ്തീനികൾ. സുഹൃത്തുക്കൾ ശത്രുക്കളായി മാറുന്നത് തിരിച്ചറിയാൻ തുടങ്ങിയെന്നും താൻ വിവേചനം അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും നൗറ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തെ അനുകൂലിച്ചെന്നും അച്ചടക്ക കോഡ് ലംഘിച്ചുവെന്നും ആരോപിച്ചാണ് നൗറയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നാണ് ആശുപത്രി മാനേജെന്റിന്റെ വിശദീകരണം. ഹിയറിംഗിന് വിളിച്ചപ്പോൾ തന്റെ ഭാഗം കേൾക്കാൻ ആരും തയ്യാറായില്ലെന്നും ആരോപിക്കപ്പെടുന്നത് പോലെ ഹമാസിനെ അനുകൂലിച്ച് താൻ സംസാരിച്ചിട്ടില്ലെന്നും നൗറ വ്യക്തമാക്കി. നൗറയെ പോലെ നൂറുകണക്കിന് പേർക്കെതിരെ ഇസ്രയേലിലെ തൊഴിൽ സ്ഥാപനങ്ങൾ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തിൽ പിരിച്ചുവിടൽ നേരിടുന്നതായി ഡസൻ കണക്കിന് പരാതികളാണ് ഇസ്രയേലിലെ അഭിഭാഷകർക്കും മനുഷ്യാവകാശ സംഘടനകൾക്കും തൊഴിലാളികളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലോ സഹപ്രവർത്തകരുമായുള്ള സംഭാഷണങ്ങളുടെ പേരിലോ ആണ് സ്കൂളുകളും സർവകലാശാലകളും മറ്റ് ജോലിസ്ഥലങ്ങളും പലസ്തീനികളെ പിരിച്ചുവിടുന്നത്.
© Copyright 2024. All Rights Reserved