ഇരുനൂറിലേറെ പേരുടെ ജീവൻ കവർന്ന മണിപ്പൂർ കലാപത്തിന്
ഒരാണ്ട്. മെയ്തെയി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. നൂറ് കണക്കിന് സ്ത്രീകളും പെൺകുട്ടികളും ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്‌തു. സ്വന്തം നാട്ടിൽനിന്ന് ആട്ടിയോടിക്കപ്പെട്ട പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. കുട്ടികളടക്കം നിരവധി പേർ അനാഥരായി.
-------------------aud--------------------------------fcf308
ഇംഫാൽ താഴ്വരയിലുള്ള മെയ്തേയി വിഭാഗക്കാർ പട്ടികവർഗ പദവിക്കായി അവകാശമുന്നയിച്ചതിനെതിരെ മലയോര ജില്ലകളിൽ കുക്കി വിഭാഗക്കാർ നടത്തിയ ഗോത്ര ഐക്യദാർഢ്യ മാർച്ചാണ് കലാപത്തിന് തിരികൊളുത്തിയത്. പിന്നാലെയിത് മെയ്തേയി - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപമായിമാറി. വർഷം ഒന്ന് പിന്നിട്ടിട്ടും സംസ്ഥാനത്ത് പൂർണമായ തോതിൽ സമാധാനം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ക്രമസമാധാന നില ഇപ്പോഴും അസ്ഥിരമായി തുടരുകയാണ്.കൊള്ളയടികളും അക്രമങ്ങളും പതിവാണ്. തോക്കുകളടക്കമുള്ള ആയുധങ്ങൾ സാധാരണക്കാർക്കിടയിലും കരിഞ്ചന്തയിലും വ്യാപകമാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. 60,000- ത്തിലധികം ആളുകൾ പലായനം ചെയ്യപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ.സ്ത്രീകൾക്കെതിരായി പലയിടങ്ങളിലും അതിക്രമങ്ങളുണ്ടായി. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നണ്ടെങ്കിലും പലയിടങ്ങളിലും ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുകയാണ്. സുരക്ഷാ സേനകൾക്ക് നേരെയും അക്രമികൾ അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞയാഴ്‌ച ബിഷപൂർ ഗ്രാമത്തിൽ ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഏപ്രിൽ 19-ന് മണിപ്പൂരിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലും വെടിവെപ്പുണ്ടായി.ബൂത്ത് പിടിച്ചെടുക്കലും, ഇവിഎമ്മുകൾ തകർക്കലുകളുമടക്കമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മേയ് 1 വരെയുള്ള കണക്കുകളനുസരിച്ച് പൊലീസ് ആയുധപ്പുരകളിൽ നിന്നും സ്റ്റേഷനുകളിൽ നിന്നും 5,682 തോക്കുകൾ കൊള്ളയടിച്ചതായാണ് റിപ്പോർട്ടുകൾ. മെയ്തെയി വിഭാഗത്തിന് ആധിപത്യമുള്ള ഇംഫാൽ താഴ്വരയിലാണ് ഏറ്റവും കൂടുതൽ ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടത്. അതിൽ 2,030 തോക്കുകൾ മാത്രമാണ് പൊലീസിന് ഇനിയും വീണ്ടെടുക്കാനായിട്ടുള്ളു. മോഷ്ടിക്കപ്പെട്ട 6.64 ലക്ഷം വെടിയുണ്ടകളിൽ 28,000 എണ്ണം മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. അതായത് വെറും നാല് ശതമാനം മാത്രമാണ് കണ്ടെത്താനായിട്ടുള്ള വെന്ന് കണക്കുകൾ പറയുന്നു. അതായത് വൻതോതിൽ ആയുധശേഖരം നാട്ടുകാരുടെ കൈയിലിപ്പോഴുമുണ്ടെന്നാണ് അന്വേഷണ സംഘം സമ്മതിക്കുന്നത്.
മെസ്തേയി,കുക്കി, നാഗാ വിഭാഗങ്ങൾ വിവിധപ്രദേശങ്ങളിലാണ് കഴിഞ്ഞിരുന്നത്. മെയ്തേയി വിഭാഗം താഴ്വാരയിലും കുക്കികൾ തെക്കൻ മ ലയോര ജില്ലകളിലും നാഗാ വിഭാഗക്കാൻ വടക്കൻ മലകളിലുമാണ് താമസിച്ചിരുന്നത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 53 ശതമാന മെയ്തേയി വിഭാഗമാണ്. കുക്കി, നാഗ വിഭാഗങ്ങൾ 40 ശതമാനത്തോളം ഉണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്. സംഘർഷം ഉടലെടുത്ത് ഒരു വർഷം പിന്നിട്ടിട്ടും പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിൽ സർക്കാരിൻ്റെ വീഴ്‌ചക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ട്.
© Copyright 2024. All Rights Reserved