സംസ്ഥാന സർക്കാരിനെതിരെ നടൻ കലാഭവൻ മണിയുടെ കുടുംബം. ഇടത് സഹയാത്രികനായ കലാഭവൻ മണിയെ സർക്കാർ അവഗണിക്കുന്നുവെന്നാണ് ആരോപണം.
കലാഭവൻ മണിയുടെ സമരകം പണിയും എന്ന വാക്ക് വെറും പ്രഖ്യാപനമായി ഒതുങ്ങിയെന്ന് സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ . വേണ്ടിവന്നാൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ആർ എൽ വി രാമകൃഷ്ണൻ വ്യക്തമാക്കി.
അദ്ദേഹം മരിച്ചിട്ട് ഈ മാർച്ച് ആറിന് 8 വർഷമാകുകയാണ് ഇതുവരെ അദ്ദേഹത്തിന്റെ നാട്ടിൽ ഒരു സ്മാരകം ഒരുക്കിയിട്ടില്ല. ചരമ വാർഷികത്തിലെങ്കിലും സ്മാരകത്തിന്റെ തറക്കലിടൽ വേണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു.
ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല.
സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കി.
© Copyright 2024. All Rights Reserved