യുകെയിലെ പൊതു ആരോഗ്യ സംവിധാനമായ എൻഎച്ച്എസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. അത്യാഹിത ഇതര ചികിത്സയ്ക്കായി 70 ലക്ഷത്തിലധികം ആളുകളാണ് വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളത്. എൻ എച്ച് എസ് പ്രതിസന്ധി പരിഹരിക്കുന്നതിൽ മുൻഗണന നൽകുമെന്നാണ് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞത്. പുതിയ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് ഇത് എത്രമാത്രം നടപ്പിലാക്കാനാകും എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.
-------------------aud--------------------------------
എൻഎച്ച്എസിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം സർക്കാരിൻ്റെ മുന്നിൽ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേഴ്‌സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ അന്വേഷണത്തിനിടെ കഴിഞ്ഞവർഷം 6 നേഴ്സുമാർ ആണ് ആത്മഹത്യ ചെയ്തത്. പലരും കടുത്ത രീതിയിലുള്ള വംശീയ വിദ്വേഷം ജോലിസ്ഥലത്ത് നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിലെ വംശീയത നേരിടാൻ നടപടി സ്വീകരിക്കണമെന്ന് പുതിയ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് ആവശ്യപ്പെടുന്ന ഒരു നിവേദനം ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ഹ്യൂമൻ റൈറ്റ് ചാരിറ്റിയായ ബ്രോപ്പ് ആണ് ഹെൽത്ത് സെക്യൂരിറ്റിക്ക് കത്ത് നൽകിയത്. ജീവനക്കാർക്ക് കൂടുതൽ സമത്വം ഉൾക്കൊള്ളുന്ന എൻ എച്ച് എസ് സൃഷ്ടിക്കാനായി നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിപക്ഷവും തങ്ങളുടെ ജോലിക്കായി ആശ്രയിക്കുന്നത് എൻഎച്ച്എസിനെയാണ്. അതുകൊണ്ടു തന്നെ എൻഎച്ച് എസിന്റെ നവീകരണത്തിനായി സർക്കാർ സ്വീകരിക്കുന്ന ഓരോ നടപടികളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളി സമൂഹത്തെ കൂടിയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിലവിലും സമീപഭാവിയിലും യുകെയിൽ ജോലി സമ്പാദിക്കുന്നതിനും പെർമനൻ്റ് വിസ സമ്പാദിക്കുന്നതിനും നേഴ്‌സിംഗ് ജോലിയുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. കുടിയേറ്റം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കെയർ, സ്റ്റുഡൻറ് വിസകളിൽ വന്നവർക്കുള്ള ആശ്രിത വിസ അനുവദിക്കുന്ന നയം കഴിഞ്ഞ സർക്കാർ നിർത്തലാക്കിയിരുന്നു. ഉടനെയെങ്ങും അതിൽ നിന്ന് ഒരു മാറ്റം പ്രതീക്ഷിക്കുന്നില്ല.
© Copyright 2024. All Rights Reserved