സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയിയെയും കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്റ്റ്നൻറ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി. പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ന്യൂഡൽഹി മെട്രൊപൊളിറ്റൻ കോടതി ഉത്തരവ് പ്രകാരം ഇരുവർക്കുമെതിരേ 2010ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാജ്യദ്രോഹം, സാമുദായിക വൈരം വളർത്താനുള്ള ശ്രമം, രാജ്യത്തിൻറെ അഖണ്ഡതയ്ക്കെതിരായ പ്രവർത്തനം തുടങ്ങിയ വകുപ്പുകളാണ് യുഎപിഎ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ളത്.
കശ്മീരിനെ ഇന്ത്യയിൽനിന്നു വിഘടിപ്പിക്കുന്ന വിഷയം ചർച്ച ചെയ്തെന്നാരോപിച്ച് കശ്മീരിൽനിന്നുള്ള സുശീൽ പണ്ഡിറ്റ് എന്നയാളാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. തെഹ്‌രീക് ഇ ഹുറിയത് ചെയർമാനായിരുന്ന സയീദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫസർ സയീദ് അബ്ദുൾ റഹ്മാൻ ഗീലാനി, മാവോയിസ്റ്റ് അനുകൂലി വരവര റാവു എന്നിവരും ഈ ചർച്ചയിൽ പങ്കെടുത്തെന്ന് പരാതിയിൽ പറയുന്നു. പരിപാടിയിൽ പങ്കെടുത്തവരുടെ പ്രസംഗത്തിൻറെ ട്രാൻസ്ക്രിപ്റ്റുകളും റെക്കോഡുകളും ഹാജരാക്കിയിട്ടുണ്ട്. ആരോപണവിധേയരിൽ സയീദ് അലി ഷാ ഗീലാനിയും സയീദ് അബ്ദുൾ റഹ്മാൻ ഗീലാനിയും ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല.
© Copyright 2023. All Rights Reserved