സഹിച്ചുകൊണ്ട് ആരും കോൺഗ്രസിൽ തുടരേണ്ട കാര്യമില്ലെന്നും സന്തോഷത്തോടെ സഹവർത്തിത്വത്തിൽ മാത്രം പാർട്ടിയിൽ തുടർന്നാൽ മതിയെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ആര്യാടൻ ഷൗക്കത്തിന് പരോക്ഷ മുന്നറിയിപ്പ് നൽകുകയാണ് കെ. സുധാകരൻ. എത്രപേർ പാർട്ടിയിൽ നിന്നും പുറത്ത് പോയി. പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചാൽ അവർ എവിടെപ്പോകും എന്നത് പ്രശനം അല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.
അച്ചടക്കം കോൺഗ്രസ് പാർട്ടിയിൽ നിർബന്ധമാണ്. തനിക്ക് തോന്നും പോലെ കാര്യങ്ങൾ ചെയ്യാൻ പറ്റില്ല. ആര്യാടൻ വിഷയത്തിൽ അച്ചടക്ക സമിതി വീണ്ടും സിറ്റിംഗ് നടത്തും. സിപിഐഎം ഷൗക്കത്തിനെ സ്വാഗതം ചെയ്യുന്നത് നടപടിക്കു തടസം ആകില്ല. ലീഗിമായി പ്രശ്നങ്ങൾ ഇല്ല. കോൺഗ്രസിന് അകത്തെ പ്രശ്നങ്ങൾ പരിഹരിക്കും. ലീഗും യുഡിഎഫു തമ്മിലെ ബന്ധം ആഴത്തിൽ വേരൂന്നിയതാണ്. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ലീഗ് നേതാക്കളെ കാണാറുണ്ട്. അതുപോലെ തന്നെയാണ് ഇന്ന് വൈകിട്ടും നേതാക്കളെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
CPIM ക്ഷണം നിരസിച്ച് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ വിശദീകരണം കോൺഗ്രസ് പാർട്ടി ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും സിപിഐഎമ്മിലേക്ക് അങ്ങനെ പോകാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പതാകയാണ് തന്നെ പുതപ്പിക്കേണ്ടതെന്ന് പിതാവ് പറഞ്ഞിരുന്നു. അതേ ആഗ്രഹമുള്ള ആളാണ് താൻ.
CPIM ക്ഷണിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. പാർട്ടിയുടെ തീരുമാനം വേഗത്തിൽ വേണം. അത് നീട്ടിക്കൊണ്ട് പോകരുത്. താൻ തെറ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അച്ചടക്ക സമിതി യോഗത്തിൽ ആര്യാടൻ ഷൗക്കത്ത് വിശദമായി കാര്യങ്ങൾ പറഞ്ഞുവെന്നും കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
എട്ടാം തീയതി വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും. ഷൗക്കത്ത് ഒരു കത്ത് നൽകിയിട്ടുണ്ട്. അത് സമിതി ഫയലിൽ സ്വീകരിച്ചു. സിപിഐഎം വെറുതെ വെള്ളം വെച്ച് കാത്തിരിക്കുകയാണ്. അവർക്ക് എന്തോ കാല ദോഷം സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ആരെയും പ്രതീക്ഷിച്ചു സി പി ഐ എം മുന്നോട്ട് പോകേണ്ടതില്ലെന്നും അവർ കഷ്ടപ്പെട്ട് ക്ഷണിച്ചു കൊണ്ട് പോയ കെ വി തോമസിന്റെ അവസ്ഥ അറിയാമല്ലോയെന്നും തിരുവഞ്ചൂർ പരിഹസിച്ചു.
ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകനാണ് താനെന്നും തന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റൽ ആണ് പ്രധാനമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു. പലസ്തീനിൽ നടക്കുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. എന്നും പലസ്തീനൊപ്പം നിന്ന പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളത്. പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷൗക്കത്ത് നൽകിയ മറുപടിയാണ് പാർട്ടിയുടെ അച്ചടക്ക സമിതി പരിശോധിച്ചത്. തീരുമാനം വരുന്നതു വരെ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കാൻ അദ്ദേഹത്തിന് നിർദേശമുണ്ട്. ഇതിനിടയിലാണ് സിപിഐഎം പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.
സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയിട്ടുണ്ട്. കെ.പി.സി.സി. നൽകിയ വിശദീകരണ നോട്ടീസിന് ആര്യാടൻ ഷൗക്കത്ത് മറുപടി നൽകിയിരുന്നു. റാലി ഒഴിവാക്കിയിരുന്നെങ്കിൽ പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമായിരുന്നുവെന്നായിരുന്നു വിശദീകരണം. മതപണ്ഡിതന്മാരടക്കം പങ്കെടുക്കാമെന്ന് സമ്മതിച്ച റാലിയിൽനിന്ന് പിന്മാറിയിരുന്നെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.
© Copyright 2024. All Rights Reserved