പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിനു പിന്നാലെ, കാനഡയെ യു.എസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന 'ഓഫറു'മായി നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അയൽരാജ്യമായ കാനഡ അമേരിക്കയിൽ ലയിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ച ഉടനെ ട്രംപ് തന്റെ ഓഫർ ആവർത്തിക്കുകയായിരുന്നു.
-------------------aud--------------------------------
കാനഡ അമേരിക്കയിൽ ലയിച്ചാൽ ലഭിക്കുന്ന നേട്ടങ്ങളും ട്രംപ് വിശദീകരിച്ചു. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നത് ജനുവരി 20നാണ്. ഇതിന് മുമ്പ് അദ്ദേഹം നടത്തുന്ന പല പ്രസ്താവനകളും ആഗോള തലത്തിൽ ചർച്ചയാകുകയാണ്. ഇങ്ങനെയൊക്കെ പറയാൻ ഒരു രാഷ്ട്ര നേതാവിന് സാധിക്കുമോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നു. ഒരുവേള ഇന്ത്യയ്‌ക്കെതിരെ നികുതി ഭീഷണിയും അദ്ദേഹം മുഴക്കി. യുദ്ധങ്ങളെല്ലാം ഒറ്റയടിക്ക് നിർത്തുമെന്നും ട്രംപ് പറയുന്നു. കാനഡ വിഷയത്തിൽ ട്രംപ് എന്താണ് പറയുന്നത് എന്ന് നോക്കാം... തിങ്കളാഴ്ചയാണ് ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. 53കാരനായ അദ്ദേഹത്തിന്റെ ജനകീയത കുറഞ്ഞുവെന്ന് വിലയിരുത്തിയാണ് പാർട്ടി ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തിയത്. അടുത്ത പ്രധാനമന്ത്രി ചുമതലയേൽക്കും വരെ പദവിയിൽ തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. ഈ വർഷം പൊതുതിരഞ്ഞെടുപ്പ് വരികയാണ് കാനഡയിൽ. ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രംപ് ലയന ആവശ്യം ഉന്നയിക്കുകയായിരുന്നു. കാനഡ അമേരിക്കയിൽ ലയിക്കണമെന്നും അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമായി മാറണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം. ഇത് മുമ്പും ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിയുക്ത പ്രസിഡന്റിന്റെ പുതിയ പറച്ചിൽ പലവിധ ചർച്ചകൾക്ക് ഇടയാക്കി.
78കാരനായ ട്രംപ് 2017-21 കാലത്ത് അമേരിക്കൻ പ്രസിഡന്റായിരിക്കെ ട്രൂഡോയുമായി നല്ല ബന്ധമായിരുന്നില്ല. പലപ്പോഴും ട്രൂഡോയെ കളിയാക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബർ അഞ്ചിന് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ ഫ്‌ളോറിഡയിലെ മാര ലാഗോയിൽ വച്ച് ട്രംപ് ട്രൂഡോയുമായി ചർച്ച നടത്തിയപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ട്രംപ് തന്നെയാണ് സോഷ്യൽ മീഡിയ വഴി വിഷയം പരസ്യമാക്കിയത്. കാനഡയിലെ വലിയൊരു ഭാഗം ജനങ്ങൾ അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ട്രംപ് പറയുന്നത്. കാനഡയുമായുള്ള വ്യാപാര കമ്മി അമേരിക്കക്ക് ഏറെ കാലം സഹിക്കാൻ സാധിക്കില്ല. കാനഡയ്ക്ക് ഇളവുകൾ ആവശ്യമാണ്. ട്രൂഡോയ്ക്ക് ഇക്കാര്യം അറിയാം. അദ്ദേഹം രാജിവച്ചു. കാനഡ അമേരിക്കയിൽ ലയിച്ചാൽ ഇറക്കുമതി നികുതിയുണ്ടാകില്ല. മറ്റു നികുതികൾ കുറയും. ചൈനയുടെയും റഷ്യയുടെയും യുദ്ധക്കപ്പലുകളുടെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും. ഒന്നിച്ചാൽ മഹത്തായ രാഷ്ട്രമാകുമെന്നും ട്രംപ് പറയുന്നു. കാനഡ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കാനഡയിൽ നിന്ന് മയക്കുമരുന്നും കുടിയേറ്റക്കാരും അമേരിക്കയിൽ എത്തുന്നു എന്നാണ് ട്രംപിന്റെ ആരോപണം. ഇത് തടഞ്ഞില്ലെങ്കിൽ 25 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. 'കാനഡ സംസ്ഥാന'ത്തിന്റെ ഗവർണറാണ് ട്രൂഡോ എന്ന് നേരത്തെ ട്രംപ് പരിഹസിക്കുകയും ചെയ്തിരുന്നു.
© Copyright 2024. All Rights Reserved