ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരൻമാർക്ക് വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു.. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടിയാണ് വീസ നിയന്ത്രണമെങ്കിലും ഭിന്നതയുടെ വ്യാപ്തി പ്രകടമാണ്.
കാനഡയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കേന്ദ്ര സർക്കാർ യാത്ര മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കടുത്ത നടപടി. കാനഡ സുരക്ഷിത രാജ്യമെന്നാണ് ഇന്ത്യയുടെ യാത്ര മുന്നറിയിപ്പിനുളള കാനഡയുടെ പ്രതികരണം. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നതിനിടെ കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു.
എൻ ഐ എ നേരത്തെ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച സുഖ് ദുൽ സിംഗ് എന്ന സുഖാ ദുനകെയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുളള ഏറ്റുമുട്ടലിൽ സുഖ് ദുൽ സിംഗിന് വെടിയേൽക്കുകയായിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുളള കുടിപകയാണ് വെടിവയ്പിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
2017 ൽ വ്യാജ യാത്രാ രേഖകളുണ്ടാക്കിയാണ് സുഖ് ദുൽ സിങ് കാനഡയിലേക്ക് കടന്നത്. തുടർന്ന് ഒന്റാറിയോ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കാനഡയിൽ താമസിക്കുമ്പോഴും ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശക്തമായ വേരുകളുളള കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങൾക്ക് സുഖ് ദുനെകെ സാമ്പത്തിക പിന്തുണയും സഹായങ്ങളും നൽകിയിരിന്നു.2 കൊല കേസുകൾ അടക്കം ഇയാൾക്കെതിരെ 30 ഓളം കേസുകൾ ഇന്ത്യയിലുണ്ട്.
© Copyright 2025. All Rights Reserved