കാൻ ചലചിത്ര മേളയിൽ പ്രശസ്ത ഛായാഗ്രഹകനും സംവിധായകനും നടനുമായ സന്തോഷ് ശിവന് ആദരം. ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്കാരം നൽകിയാണ് സന്തോഷ് ശിവനെ ആദരിച്ചത്. ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.
-------------------aud--------------------------------
2013 മുതലാണ് മികച്ച ഛായാഗ്രഹണത്തിന് പിയർ ആഞ്ജിനോ എക്സലൻസ് ഇൻ സിനിമാറ്റോഗ്രഫി പുരസ്കാരം കാനിൽ നൽകി തുടങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഫിലിപ്പ് റൂസലോട്ട്, വിൽമോസ് സിഗ്മണ്ട്, റോജർ ഡീക്കിൻസ്, പീറ്റർ സുഷിറ്റ്‌സ്‌കി, ക്രിസ്റ്റഫർ ഡോയൽ തുടങ്ങി നിരവധി അതുല്യ പ്രതിഭകളാണ് പിയർ ആഞ്ജിനോ പുരസ്കാരത്തിന് അർഹരായത്.
പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സന്തോഷ് ശിവന്റേത്. മലയാളവും തമിഴുമുൾപ്പെടെ വിവിധ ഭാഷകളിൽ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം 12 ദേശീയ പുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുമുണ്ട്.
അനന്തഭദ്രം, ഉറുമി, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകനായും പ്രവർത്തിച്ചു. 2018 ൽ പുറത്തിറങ്ങിയ മകരമഞ്ഞ് എന്ന ചിത്രത്തിൽ നടനായും അദ്ദേഹമെത്തി.
അതേസമയം സന്തോഷ് ശിവനെ അഭിനന്ദിച്ചു കൊണ്ട് നടൻ മോഹൻലാലും രംഗത്തെത്തി. 'കാൻ 2024 ചലച്ചിത്രമേളയിൽ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനായതിൽ ആവേശമുണ്ട്. പിയർ ആഞ്ജിനോ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സന്തോഷ് ശിവന് അഭിനന്ദനങ്ങൾ. ബറോസ് യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഞങ്ങൾക്ക് ഉപയോഗപ്പെടുത്താനായി എന്നതിൽ അഭിമാനിക്കുന്നു. ഏറ്റവും അർഹമായ അംഗീകാരം'- എന്നാണ് മോഹൻലാൽ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസാണ് സന്തോഷ് ശിവന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.
© Copyright 2023. All Rights Reserved