മലയാളകവിതയുടെ കാല്പനികവസന്തത്തിന് തുടക്കംകുറിച്ച മഹാകവി കുമാരനാശാന്റെ ഓർമകൾക്ക് ഇന്നേക്ക് നൂറുവർഷം. മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ എക്കാലവും നിലകൊണ്ടിരുന്നു. നളിനിയും ലീലയും ചിന്താവിഷ്ടയായ സീതയും വീണുപൂവുമെല്ലാം മലയാളിക്ക് സമ്മാനിച്ച കുമാരനാശാൻ ഖണ്ഡകാവ്യങ്ങൾ മാത്രം എഴുതിയാണ് മഹാകവിപ്പട്ടം സ്വന്തമാക്കിയത്.
1873 ഏപ്രിൽ 12 നു മഹാകവി കുമാരനാശാൻ കായിക്കരയിൽ പിറന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാന്റെ വിദ്യഭ്യാസ ജീവിതം ആരംഭിക്കുന്നതും ഈ മണ്ണിലാണ്. തായാട്ട് ശങ്കരന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ കുമാരനാശാൻ നവോഥാനത്തിന്റെ കവിയാണ്. സ്തോത്രകൃതികളിലായിരുന്നു തുടക്കം. വീണപൂവിനുശേഷം ലൗകികവും ആത്മീയവുമായ വ്യക്തിനിരീക്ഷണവും ഉണ്ടായി. പിന്നാലെ ജീവിതത്തിലേക്ക് മനുഷ്യർ പതിയുകയാണ്. സ്വന്തം ദേശത്തിൽ നിന്നുണ്ടായ ബോധം,ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം. ആശാൻ കവിതകളുടെ മൂന്നാം ഘട്ടം സാമൂഹിക പ്രശനങ്ങളിലേക്ക് വളർന്നു.
ദുരവസ്ഥയും,ചണ്ഡാലഭിക്ഷുകിയും….അങ്ങനെ ജാതിഭേദവും ദുരാചാരവും തുറന്നെഴുതിയ മഹാകവിക്ക് ജന്മനാട് പകരം നൽകി സ്നേഹപൂർവ്വം സ്മാരകം. ഇരുപതാം വയസ്സിൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി കുമാരനാശാൻ. വീണുകിടന്ന പൂവിനെനോക്കി ആശാൻ രചിച്ച വീണപൂവ് ആ കാവ്യജീവിതസങ്കൽപ്പങ്ങളെയെല്ലാം ഒരൊറ്റ ഖണ്ഡകാവ്യത്തിലൂടെ ആവിഷ്‌കരിച്ചു. അവസാനനാളുകളിൽ എഴുതിയ കരുണ ബുദ്ധമതസന്ദേശത്തിന്റെ കാലിക പ്രാധാന്യം ഉൾക്കൊള്ളുന്നു. ഇരുപതാം നൂറ്റാണ്ടിലെ കവിതാശാഖയെ കുമാരനാശാനോളം സ്വാധീനിച്ച മറ്റൊരു കവിയില്ല.
1924 ജനുവരി 26ന് തന്റെ അമ്പത്തൊന്നാം വയസിൽ പല്ലനയാറ്റിൽ ബോട്ട് മുങ്ങിയാണ് കുമാരനാശാൻ ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നത്. ഒരുനൂറ്റാണ്ടിനിപ്പുറവും ആശാൻ ഇതിഹാസമാനമുള്ള കവിയായി നിലനിൽക്കുന്നു എന്നതുതന്നെ കാലാതിവർത്തിയായ ആ കവിതകളുടെ മഹത്വം വിളിച്ചുപറയുന്നു.
അതേസമയം ശ്രി.കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേർന്ന കെ പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമ വൃക്ഷത്തിലെ കുയിൽ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ആയി . ഫാർ സൈറ്റ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശാന്റെ പഴയകാല കവിതയും പ്രണയവും എല്ലാം ഗദ്യമായും പദ്യമായും ആസ്വദിച്ച പ്രേക്ഷകർക്ക് ഒരു നവ്യ അനുഭൂതി നൽകുന്ന ചിത്രമായിരിക്കും ഇത്. പല്ലനയാറ്റിലെ ബോട്ടപകടത്തിൽ മുങ്ങിപ്പോയ ആ മഹാന്റെ ജീവിതം ഏവർക്കും ഒരു തുറന്ന പുസ്തകമാണ്.
സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ആണ് മഹാകവി കുമാരനാശാന്റെ വേഷം അവിസ്മരണീയമാക്കിയത്. ശ്രീനാരായണഗുരുവും മഹാകവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ആശാൻ കൃതികളുടെ കാവ്യാലാപനവുമെല്ലാം എല്ലാം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കെ പി കുമാരന്റെ സഹധർമ്മിണിയായഎം ശാന്തമ്മപിള്ള യാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved