കാർഡിഫിൽ നടന്ന വാഹനാപകടത്തിൽ നാല് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48,വെയിൽ ഓഫ് ഗ്ലാമോർഗനിലെ, ബോൺവിൽസ്റ്റണ് സമീപമാണ് അപകടം നടന്നത്.
-------------------aud--------------------------------
കാറിൽ നാല് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികളാണ് സഞ്ചരിച്ചിരുന്നത്. ഒരു ആൺകുട്ടിയും, മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു. വാഹനം ഓടിച്ച വ്യക്തി ഉറങ്ങിപ്പോയതാണെന്ന് സൂചനയുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് നാട്ടിൽ നിന്നും തിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു വാഹനം മാത്രം ഉൾപ്പെട്ട അപകടമാണ് നടന്നതെന്ന് സൗത്ത് വെയിൽസ് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന നാല് പേരെയും വെയിൽസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്, മറ്റ് മൂന്ന് പേരുടെ പരുക്കുകൾ മാരകമല്ല, പോലീസ് വക്താവ് വ്യക്തമാക്കി.
രാവിലെ 6 മണിയോടെയാണ് അപകടം നടന്ന വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസ് സംഭവസ്ഥലത്ത് പരിശോധനകൾ നടത്തി. ഈ റോഡ് ഒഴിവാക്കി സഞ്ചരിക്കാൻ നിർദ്ദേശം നൽകിയതോടെ മറ്റ് ഭാഗങ്ങളിൽ കനത്ത ട്രാഫിക്ക് രൂപപ്പെട്ടു.
ഇതിന് ശേഷമാണ് അപകടത്തിൽ പെട്ടത് മലയാളി വിദ്യാർത്ഥികളാണെന്ന് വിവരം പുറത്തുവന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
© Copyright 2024. All Rights Reserved