കാർ ലൈസൻസിൽ മിനി ടിപ്പർവരെ ഓടിക്കാൻ സുപ്രീംകോടതി അനുവദിച്ചെങ്കിലും നിയമഭേദഗതിയിലൂടെ തടയിടാൻ കേന്ദ്രസർക്കാർ. ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ നിർവചനം മാറ്റുന്ന ഭേദഗതി അന്തിമഘട്ടത്തിലാണ്.
-------------------aud--------------------------------
എൽ.എം.വി. ലൈസൻസിൽ 7500 കിലോയ്ക്കുതാഴെ ഭാരമുള്ള വാഹനങ്ങൾ ഓടിക്കാമെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതുമറികടക്കാൻ എൽ.എം.വി.യെ രണ്ടുവിഭാഗങ്ങളായി തിരിക്കുന്നതാണ് കേന്ദ്രഭേദഗതി. 3500 കിലോയ്ക്കുതാഴെ ഭാരമുള്ളവയാണ് ആദ്യവിഭാഗം. കാറുകളെല്ലാം ഇതിൽവരും. 3500-നും 7500 കിലോയ്ക്കുമിടയിൽ ഭാരമുള്ളവ എൽ.എം.വി. രണ്ടാംവിഭാഗം. 7500-നും 12,000 കിലോയ്ക്കുമിടയിൽ ഭാരമുള്ള വാഹനങ്ങൾ മിനി പാസഞ്ചർ, മിനി ഗുഡ്‌സ് വിഭാഗത്തിൽവരും. ഡ്രൈവർക്കുപുറമേ ആറുപേരെ കയറ്റാവുന്ന 12,000 കിലോയ്ക്കുമുകളിൽ ഭാരമുള്ളവ ഹെവി വാഹനങ്ങളായി പരിഗണിക്കും. മീഡിയം ഗുഡ്‌സ്, പാസഞ്ചർ വിഭാഗങ്ങൾക്കായി പ്രത്യേക ഡ്രൈവിങ് ലൈസൻസുണ്ടാകും. 3500-7500 കിലോയ്ക്കിടയിൽ ഭാരമുള്ള ചരക്കുവാഹനങ്ങൾ വ്യാപകമായതോടെയാണ് കേന്ദ്രം നിയമഭേദഗതിക്ക് ഒരുങ്ങിയത്. കാർ ലൈസൻസിൽ ഇവ ഓടിക്കുന്നത് അപകടകരമാണെന്നാണ് നിഗമനം. 7500 കിലോയിൽ താഴെ ഭാരമുള്ള വാഹനങ്ങൾ എൽ.എം.വി. ലൈസൻസിൽ ഓടിക്കാമെന്ന ആദ്യവിധി കേരളത്തിൽ നടപ്പാക്കിയിരുന്നു. കേന്ദ്രഭേദഗതി ഉടനുണ്ടാകുമെന്നതിനാൽ കർണാടക ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ സുപ്രീംകോടതി വിധി ഉടനെ നടപ്പാക്കാനിടയില്ല.
© Copyright 2024. All Rights Reserved