കിഫ്‌ബി മസാല ബോണ്ട് കൂട്ടായെടുത്ത തീരുമാനമാണെന്നും അതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്ക്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. മസാലബോണ്ടിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും ഏഴ് പേജുള്ള മറുപടിയിൽ പറയുന്നു.
കേസിൽ കഴിഞ്ഞദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക് അറിയിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടുകൂടിയാണ് ഇ.ഡിയുടെ നോട്ടീസിന് ഏഴുപേജുള്ള മറുപടി നൽകിയിരിക്കുന്നത്.
തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് മുഖ്യമന്ത്രി ചെയർമാനായ ബോർഡാണ്. 17 അംഗ ഡയക്ടർബോർഡാണ് കാര്യങ്ങൾ തീരുമാനിച്ചത്. ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്. ധനമന്ത്രിസ്ഥാനം ഒഴിഞ്ഞതോട് കൂടി തനിക്ക് ഇതിൽ ഉത്തരവാദിത്തവുമില്ലെന്നും തോമസ് ഐസക് നൽകിയ മറുപടിയിൽ പറയുന്നു.
കിഫ്ബി മസാലബോണ്ട് സംബന്ധിച്ചും അതിലൂടെ ലഭിച്ച ധനത്തിൻറെ വിനിയോഗം സംബന്ധിച്ചുമുള്ള കാര്യങ്ങളിൽ മൊഴിനൽകാനാണ് തോമസ് ഐസക്കിനോട് ഇ.ഡി അന്വേഷണസംഘം തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്.
© Copyright 2024. All Rights Reserved