ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യൂറോപ്യൻ യൂണിയൻ ആശ്വസിക്കുമെന്ന് ഉന്നത പാർട്ടി വൃത്തങ്ങൾ. ബ്രക്സിറ്റ് കരാർ റദ്ദാക്കാൻ വരെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് ഈ നേതാവ് നൽകുന്ന സൂചന. കീർ സ്റ്റാർമർ വിജയിച്ചാൽ ഇയുവുമായി അടുപ്പം വരുമെന്നാണ് പാർട്ടി വമ്പൻമാരുടെ വാക്കുകൾ.
ബ്രക്സിറ്റ് ഡീൽ വീണ്ടും ചർച്ചകളിൽ വന്നാൽ കസ്റ്റംസ് യൂണിയനിൽ തിരികെ ചേരുന്ന വിഷയം ആലോചിക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ആവശ്യപ്പെട്ടു. 'യൂറോപ്യൻ യൂണിയൻ ഒന്നാമത്തെ പരിഗണനയാണ്. കാരണം അത് നമ്മുടെ പിൻഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്', ഷാഡോ ഫോറിൻ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ലേബർ പാർട്ടി വിജയിച്ച് അധികാരത്തിലെത്തിയാൽ ഇയുവും ആശ്വസിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് പാർട്ടി ഫ്രണ്ട്ബെഞ്ച് നേതാവ് ഹിലാരി ബെൻ കൂട്ടിച്ചേർത്തു. എന്നാൽ ഹിലാരി ബെൻ ഇയു അനുകൂലികളുടെ ആത്മീയ പുരോഹിതനാണെന്ന് ടോറി നേതാവ് ജേക്കബ് റീസ് മോഗ് പറഞ്ഞു. യൂറോപ്യൻ സാമ്രാജ്യത്തിന്റെ ആശ്രിത രാജ്യമായി യുകെയെ മാറ്റാൻ ബെൻ ആഗ്രഹിക്കുന്നതിൽ അത്ഭുതമില്ല, റീസ് മോഗ് ചൂണ്ടിക്കാണിച്ചു.
ടോറി പാർട്ടിക്ക് എതിരെ ലേബർ പാർട്ടി ശക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. എന്നുമാത്രമല്ല ടോറികൾ തമ്മിലടി രൂക്ഷമാക്കുകയും ചെയ്തിട്ടുണ്ട്. സുനാകിനെ അട്ടിമറിച്ച് നേതൃസ്ഥാനത്ത് എത്താൻ ശ്രമിക്കുന്ന നേതാക്കൾ സ്ഥിതി രൂക്ഷമാക്കുകയാണ്.
© Copyright 2023. All Rights Reserved