കുടിയേറ്റ പ്രതിസന്ധിയുടെ പേരിൽ ടോറിപാർട്ടിക്കെതിരെ ആഞ്ഞടിച്ചെങ്കിലും കീർ സ്റ്റാർമർക്കും കുടിയേറ്റ പ്രതിസന്ധി വലിയ വെല്ലുവിളിയാവുന്നു. മനുഷ്യക്കടത്ത് സംഘങ്ങൾക്ക് എതിരായ നടപടി ഫലം കാണാൻ വർഷങ്ങളെടുക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
-------------------aud--------------------------------
ചെറുബോട്ടുകളിൽ കയറിയെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം സമീപഭാവിയിൽ വർദ്ധിക്കുമെന്ന് കീർ സ്റ്റാർമർ പറയുന്നു. മനുഷ്യക്കടത്ത് സംഘങ്ങളെ തകർക്കാനുള്ള തന്റെ പദ്ധതികൾ ചാനൽ കടത്ത് തടയുമെങ്കിലും ഇതിന് വർഷങ്ങൾ വേണ്ടിവരുമെന്നാണ് പ്രധാനമന്ത്രി സമ്മതിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് ബോട്ടുകൾ തടയുമെന്ന് ഗ്യാരണ്ടി നൽകാനും അദ്ദേഹം തയ്യാറായില്ല. ആരും ഈ കടത്ത് നടത്താൻ പാടില്ല. എന്നാൽ എണ്ണം കുറയുന്നതിന് പകരം ഉയരുകയാണ്. അതിനാൽ കൃത്യമായ തീയതിയോ, എണ്ണമോ കുറിച്ചിടില്ല, ഇത് മുൻപ് പരാജയപ്പെട്ടതാണ്. എന്നിരുന്നാലും ഫ്രാൻസിന്റെ തീരത്ത് നിന്നും ആളുകളെ ബോട്ടിൽ കയറ്റുന്ന പരിപാടി തകർക്കാൻ തന്നെയാണ് ലക്ഷ്യം, വാഷിംഗ്ടൺ ഡിസിയിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
സ്റ്റാർമറുടെ ഭരണത്തിൽ ഇതിനകം 484 കുടിയേറ്റക്കാരാണ് ചാനൽ കടന്ന് ബ്രിട്ടനിൽ എത്തിയത്. ഓഫീസിലെത്തി 48 മണിക്കൂറിനകം മുൻ ഗവൺമെന്റിന്റെ റുവാൻഡ സ്‌കീം കീർ സറ്റാർമർ റദ്ദാക്കിയിരുന്നു. കൂടാതെ മുൻ ഗവൺമെന്റ് അഭയാർത്ഥിത്വം റദ്ദാക്കിയ ആയിരക്കണക്കിന് പേർക്ക് രാജ്യത്ത് തുടർന്ന് താമസിക്കാൻ അനുമതി നൽകുമെന്നും പ്രധാനമന്ത്രി സൂചന നൽകി.
റുവാൻഡ സ്‌കീം റദ്ദാക്കിയതിൽ സമ്മിശ്ര പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത്.അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് നേരിടാനുള്ള മുൻ ബ്രിട്ടീഷ് ഗവൺമെന്റിന്റെ പദ്ധതിയായിരുന്നു റുവാൻഡ സ്‌കീം. ചാനൽ കടന്നെത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാൻഡയിലേക്ക് അയച്ച് പ്രൊസസിംഗ് നടത്താനുള്ള പദ്ധതി അനധികൃതമായി എത്തുന്നവരെ നിരുത്സാഹപ്പെടുത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കീർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സ്‌കീം റദ്ദാക്കി.
ഇതോടെ റുവാൻഡയുമായുള്ള കരാറും അവസാനിച്ചു. എന്നാൽ ബ്രിട്ടനിലെ പുതിയ ഗവൺമെന്റ് നടത്തുന്ന നീക്കങ്ങളുടെ പേരിൽ തങ്ങൾക്ക് നൽകിയ 290 മില്ല്യൺ പൗണ്ട് തിരിച്ച് ലഭിക്കുമെന്ന മോഹമൊന്നും സ്റ്റാർമർക്ക് വേണ്ടെന്നാണ് റുവാൻഡ ഗവൺമെന്റ് വ്യക്തമാക്കുന്നത്. കരാറിൽ പാലിക്കേണ്ട എല്ലാ കാര്യങ്ങളും തങ്ങളുടെ പക്ഷത്ത് നിന്നും പിന്തുടർന്നിട്ടുള്ളതായി ആ രാജ്യത്തെ ഭരണകൂടം വ്യക്തമാക്കി. പദ്ധതി റദ്ദായതോടെ പുതിയ ലേബർ ഗവൺമെന്റ് റുവാൻഡയിൽ നിന്നും നികുതിദായകരുടെ പണത്തിൽ ഒരു ഭാഗം തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്നായിരുന്നു പ്രചരണം. ഈ അഭ്യൂഹങ്ങളുടെ മുനയൊടിച്ചാണ് പണം തിരിച്ചുകിട്ടാൻ പോകുന്നില്ലെന്ന് റുവാൻഡ ഗവൺമെന്റ് വ്യക്തമാക്കിയത്.
© Copyright 2024. All Rights Reserved