യുകെയിൽ കത്തിപ്പടരുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിൽ മലയാളി സമൂഹം കടുത്ത ആശങ്കയിൽ. കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ കലാപമാണ് യുകെയിൽ നടക്കുന്നത്. ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോ..ജനരോഷം വിവിധ പട്ടണങ്ങളിൽ കുടിയേറ്റ വിരുദ്ധ കലാപമായി മാറുകയായിരുന്നു. ഇന്നലെയും പലയിടങ്ങളിൽ കലാപകാരികളും പോലീസും തമ്മിൽ എറ്റുമുട്ടി. മാഞ്ചസ്റ്റർ, ലിവർപൂൾ ഹൾ തുടങ്ങിയ പല നഗരങ്ങളിലും അക്രമ സംഭവങ്ങൾ നടന്നു. പലയിടങ്ങളിലും പോലീസിന് നേരെ അക്രമമുതിർത്ത കലാപകാരികൾ കടകൾ കൊള്ളയടിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലിവർ പൂളിൽ മുഖത്ത് കാര്യമായ പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസേരകളും, ഇഷ്ടികകളും, കുപ്പികളുമൊക്കെയായിരുന്നു അക്രമികൾ പോലീസിന് നേരെ വലിച്ചെറിഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ലണ്ടൻ, മാഞ്ചസ്റ്റർ, സൗത്ത്‌പോർട്ട്, ഹാർട്ടില്പൂൾ എന്നിവിടങ്ങളിലെ ക്രമസമാധാന തകർച്ചക്ക് കാരണക്കാരായ തീവ്ര വലതുപക്ഷക്കാരെ വിവിധ പാർട്ടികളിലെ എം പിമാർ നിശിതമായി വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അക്രമത്തിൻറെ ഭാഗമായവർ ഖേദിക്കേണ്ടിവരുമെന്ന് തീവ്ര വലതുപക്ഷ പ്രതിഷേധക്കാർക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
-------------------aud--------------------------------
സൗത്ത്‌പോർട്ടിലെ മൂന്ന് വിദ്യാർത്ഥിനികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തു പ്രചരിച്ച ചില വ്യാജ വാർത്തകളായിരുന്നു കലാപത്തിന് തുടക്കം കുറിച്ചത്. എന്നാൽ, കുടിയേറ്റത്തിനെതിരെ ഏറെക്കാലമായി നീറിനിന്ന വികാരത്തെ ഈ സംഭവം ആളിക്കത്തിക്കുകയായിരുന്നു എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള, കുടിയേറ്റ വിരുദ്ധ സംഘങ്ങളാണ് ഈ പ്രതിഷേധത്തിൽ പ്രധാനമായും ഉള്ളത്. മുൻകൂട്ടി നിശ്ചയിച്ച പ്രതിഷേധത്തിനായി നൂറുകണക്കിന് ആളുകളാണ് ഹൾ സിറ്റി സെന്ററിൽ ഇന്നലെ ഒത്തുകൂടിയത്. വൈകിട്ട് ആയപ്പോഴേക്കും, തങ്ങൾക്ക് ആശുപത്രിക്ക് ഉള്ളിൽ പോകാനോ, പുറത്ത് പോകാനോ കഴിയുന്നില്ലെന്ന്‌ഡോക്ടർമാർ പരാതിപ്പെടാൻ തുടങ്ങി. ഹള്ളിൽ നിന്നുള്ളതും, ഹള്ളിലേക്ക് ഉള്ളതുമായ എല്ലാ ട്രെയിൻ സർവ്വീസുകളും റദ്ദാക്കി.
നഗരത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധക്കാർ തീയിട്ടു. പല പ്രാദേശിക ഷോപ്പുകളും കൊള്ളയടിക്കപ്പെടുകയും അഗ്‌നിക്കിരയാവുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. കല്ലുകളും കുപ്പികളും പോലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞായിരുന്നു കലാപകാരികൾ പോലീസിനെ ആക്രമിച്ചത്. അതിനിടയിൽ, തെരുവുകളിൽ വിദ്വേഷം പരത്താൻ ഇറങ്ങിയ തീവ്രവാദികൾക്കെതിരെ കർശന നടപടികൾ എടുക്കുന്നതിൽ പോലീസിന് എല്ലാ പിന്തുണയും നൽകി പ്രധാനമന്ത്രി രംഗത്ത് വന്നു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെയും, അക്രമ സമരങ്ങളെയും രണ്ട് വ്യത്യസ്ത കാര്യങ്ങളായിട്ടാണ് കാണുന്നതെന്ന് ഇന്നലെ വിളിച്ചു കൂട്ടിയ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഏതൊരു തരത്തിലുള്ള അക്രമങ്ങളും ന്യായീകരിക്കാൻ കഴിയില്ലെന്നും, കടുത്ത നടപടികൾ എടുക്കുന്ന പോലീസിന് പൂർണ്ണ പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
അക്രമങ്ങൾക്ക് ബ്രിട്ടീഷ് തെരുവുകളിൽ സ്ഥാനമില്ലെന്നും, അക്രമങ്ങളിൽ ഏർപ്പെടുന്നവർ, അതിന് കനത്ത വില നൽകേണ്ടി വരുമെന്നും ഹോം സെക്രട്ടറി യുവെറ്റ് കൂപ്പറും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം തെമ്മാടികൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്ന പോലീസിന് എല്ലാ പിന്തുണയുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വ്യത്യസ്ത അക്രമ സംഭവങ്ങളിലായി ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇനിയും അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും യുവെറ്റ് കൂപ്പർ അറിയിച്ചു.
© Copyright 2024. All Rights Reserved