ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയിൽ. ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയ സംഘമാണ് പിടിയിലായത്. എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി മണ്ണഞ്ചേരി അതുലാണ് അറസ്റ്റിലായവരിൽ ഒരാൾ.ഗുണ്ടാ നേതാവ് നെടുവക്കാട്ട് നിതീഷ് കുമാർ (36), മണ്ണഞ്ചേരി ഒറ്റക്കണ്ടത്തിൽ അതുൽ (29), പത്തിയൂർ വിനീത് ഭവനം വിജീഷ് (30), കൃഷ്ണപുരം പുത്തൻപുര തെക്കേതിൽ അനന്ദു (20), മുളകുവള്ളി കുത്തനാപ്പിള്ളിൽ അലൻ ബെന്നി (27), തൃക്കല്ലൂർ വാലത്ത് പ്രശാൽ (29), കീരിക്കാട് വഞ്ചിയൂർ ഹബീസ് (32), പത്തിയൂർക്കാല വിമൽഭവനിൽ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദ്ദീൻ (38), മുട്ടം രാജേഷ് ഭവനം രാജേഷ് കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്റെ പിറന്നാൾ ആഘോഷിക്കുന്നതിനാണ് ഇവർ ഒത്തു കൂടിയത്. പൊലീസ് വീടുവളഞ്ഞാണ് ഗുണ്ടകളെ പിടികൂടിയത്.ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിന്റെ വിധി വന്നതിനു പിന്നാലെ, ഷാൻ വധക്കേസിൽ ജ്യാമ്യത്തിലുള്ള പ്രതിയായ മണ്ണഞ്ചേരി സ്വദേശി അതുൽ ഉൾപ്പെടെയുള്ളവർ ഒത്തുകൂടിയത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇവരുടെ ഒത്തുചേരലിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
© Copyright 2024. All Rights Reserved