ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ വീണ്ടും ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. അപെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ സാൻഫ്രാൻസിസ്കോയിലെത്തിയ ഷിയുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കകമാണ് ബൈഡന്റെ പരാമർശം. ഒരു കമ്യൂണിസ്റ്റ് രാജ്യത്തെ വർഷങ്ങളായി നയിക്കുന്നുവെന്നനിലയിൽ ഷി ഒരു ഏകാധിപതിതന്നെയാണ്. യു.എസിന്റെ ഭരണകൂടവ്യവസ്ഥിതിയിൽനിന്ന് തീർത്തും വിഭിന്നമാണ് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ചർച്ചയിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര അകൽച്ച പരിഹരിക്കുന്നതിൽ നേട്ടമുണ്ടാക്കാനായെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂണിലും സമാനപരാമർശം ബൈഡൻ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്തുന്നതിന് കൂടിക്കാഴ്ചയിൽ തീരുമാനമായി. ഉന്നതതലത്തിലുള്ള സൈനിക ആശയവിനിമയബന്ധം പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. ഫോസിൽ ഇന്ധനം ഒഴിവാക്കി പരിസ്ഥിതിമലിനീകരണം തടയാനുള്ള ബദൽ ഊർജ കരാറിലും കൂടിക്കാഴ്ചയ്ക്കുമുമ്പുതന്നെ ഇരുരാജ്യങ്ങളും ധാരണയായി.
© Copyright 2024. All Rights Reserved