ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ തുടക്കത്തിലെ തകർച്ചക്ക് ശേഷം കരകയറുന്നു. തുടക്കത്തിൽ 33-3ലേക്ക് വീണ ഇന്ത്യ ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ കൂടുതൽ നഷ്ടങ്ങളില്ലാതെ 93 റൺസെടുത്തിട്ടുണ്ട്. നാലാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ രോഹിത് ശർമയും രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിത്. 52 റൺസോടെ രോഹിത്തും 24 റൺസോടെ ജഡേജയും ക്രീസിലുണ്ട്. ടോസിലെ ഭാഗ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 22 റൺസടിച്ചെങ്കിലും നാലാം ഓവറിൽ 10 പന്തിൽ 10 റൺസെടുത്ത യശസ്വിയെ സ്ലിപ്പിൽ ജോ റൂട്ടിൻറെ കൈകളിലെത്തിച്ച് മാർക്ക് വുഡ് ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി ഫോമിലെത്തിയെന്ന് തെളിയിച്ച ശുഭ്മാൻ ഗില്ലിൻറെ ഊഴമായിരുന്നു അടുത്തത്. സ്കോർ ബോർഡിർ രണ്ട് റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഒമ്പത് നേരിട്ടെങ്കിലും റൺസൊന്നുമെടുക്കാതെ ഗിൽ മടങ്ങി. മാർക്ക് വുഡിൻറെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിൽ ബാറ്റ് വെച്ച ഗിൽ വിക്കറ്റിന് പിന്നിൽ ഫോക്സിൻറെ കൈകളിലൊതുങ്ങി. തുടക്കത്തിലെ രണ്ട് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് മൂന്നാം പ്രഹരമേൽപ്പിച്ചത് സ്പിന്നർ ടോം ഹാർട്‌ലിയാണ്. രജത് പാടീദാറിനെ കവറിൽ ബെൻ ഡക്കറ്റിൻറെ കൈകളിലെത്തിച്ചാണ് ഹാർട്‌ലി തുടക്കത്തിലെ ഞെട്ടിച്ചത്. അസാധാരമായി കുത്തി ഉയർന്ന പന്തിൽ ബാറ്റ് വെച്ച പാടീദാർ കവറിൽ പിടികൊടുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യയെ രോഹിത്തും ജഡേജയും ചേർന്ന് കരകയറ്റി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് സ്പിന്നർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ആക്രമിച്ചു. ഇതിനിടെ ടോം ഹാർട്‌ലിയുടെ പന്തിൽ രോഹിത് സ്ലിപ്പിൽ നൽകിയ പ്രയാസമേറിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടു. ഇന്ത്യൻ സ്കോർ 50ൽ നിൽക്കെയായിരുന്നു ഇത്. പിന്നാലെ ആൻഡേഴ്സൻറെ പന്തിൽ രോഹിത് വിക്കറ്റിന് മുന്നിൽ കുടുങ്ങിയെന്ന് അമ്പയർ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. പിന്നീട് ബൗളർമാർക്ക് അവസരമൊന്നും നൽകാതെ ഇരുവരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 71 പന്തിൽ അർധസെഞ്ചുറി തികച്ച രോഹിത് എട്ട് ബൗണ്ടറികൾ അടിച്ചപ്പോൾ 44 പന്തിൽ 24 റൺസുമായി ക്രീസിലുള്ള ജഡേജ മൂന്ന് ബൗണ്ടറികൾ നേടി. അരങ്ങേറ്റക്കാരായ സർഫറാസ് ഖാനും ധ്രുവ് ജുറെലുമാണ് ഇനി ഇന്ത്യയുടെ അംഗീകൃ ബാറ്റർമാർ.നേരത്തെ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയപ്പോൾ അക്സർ പട്ടേലിന് പകരം പേസർ മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല. രണ്ട് പേസർമാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്.
© Copyright 2023. All Rights Reserved