കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ 'നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാര്‍ഗ്ഗവും' സംവാദമൊരുക്കി ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍; മുഖ്യാതിഥിയായെത്തുക വീ.ഡി സതീശന്‍

10/11/23

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ 'നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ യു കെ യിലെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ , കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് ചിന്തോദ്ധീപകവും കാലിക പ്രാധാന്യമേറിയതുമായ സംവാദങ്ങളുടെ പരമ്പര സംഘടിപ്പിക്കുന്നു. പ്രസ്തുത സംവാദ പരിപാടിയില്‍ മുഖ്യാതിഥിയായെത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നതനായ ലീഡറും, കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ അഡ്വ. വി.ഡി സതീശന്‍ എംഎല്‍എ ആണ്.
2023 നവംബര്‍ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍, സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ അഡ്വ.ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ മുന്‍ നേതാവ് ലൂയിസ് ഹെര്‍ബര്‍ട്ട് എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കും.
കാലിക രാഷ്ട്രീയ സാഹചര്യത്തില്‍ നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പ്രസക്തിയും, അതിന്റെ പുനരുജ്ജീവനത്തിനായി അനിവാര്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്ന സുപ്രധാന ദൗത്യമാണ് ഈ സംവാദത്തിലൂടെ വിഭാവനം ചെയ്യുന്നത്.
പുരോഗമന കാഴ്ചപ്പാടുകള്‍ക്ക് പേരുകേട്ട പ്രമുഖ രാഷ്ട്രീയ വ്യക്തിത്വമായ വി.ഡി. സതീശന്‍, സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ ശാശ്വതമായ പ്രസക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു സംവാദത്തില്‍ മുഖ്യ പങ്കാളിയാവും. സന്തുലിതമായ സമ്പത്ത് ഘടനയുടെ താത്വിക അവലോകനം, പൊതുജനാരോഗ്യ സംരക്ഷണ സംവിധാനത്തിലെ വെല്ലുവിളികള്‍, സാമൂഹിക നീതി എന്നിവയിലൂന്നിയുള്ള വിഷയങ്ങളാവും പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കാട്ടുക.
കേംബ്രിഡ്ജ് പ്രാദേശിക ഭരണത്തില്‍ ഏറെക്കാലം നേതൃത്വത്തില്‍ ഉണ്ടായിരുന്ന ലൂയിസ് ഹെര്‍ബര്‍ട്ട്, സോഷ്യലിസ്റ്റ് തത്വങ്ങള്‍ പ്രാദേശിക ഭരണത്തിന്‍ കീഴില്‍ സാധാരണക്കാരില്‍ വരെ ഫലദായകമായി നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം പര്യവേക്ഷണം ചെയ്തു സംസാരിക്കും. സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്ന സാമൂഹിക ഇടപെടല്‍, വികേന്ദ്രീകൃത പദ്ധതികള്‍, സമഗ്രമായ സാമൂഹ്യക്ഷേമ പരിപാടികള്‍ എന്നിവയുടെ ആവശ്യകത ലൂയിസ് തന്റെ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടും.
നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ വെളിച്ചത്തില്‍ രാജ്യത്തെ അദ്ധ്യാനിക്കുന്ന ജനവിഭാഗത്തിന്റെ ക്ഷേമത്തിന്റെ പ്രാധാന്യവും, സാമൂഹിക-ആതുര പരിപാലനത്തിലെ അസമത്വവും താഴെത്തട്ടിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനും, വളര്‍ന്നുവരുന്ന രാഷ്ട്രീയ വ്യക്തിത്വവുമായ അഡ്വ.ബൈജു തിട്ടാല തന്റെ സംവാദത്തില്‍ പ്രതിപാദിക്കും. ആരോഗ്യപരിരക്ഷയിലെ നിലവിലെ മാനദണ്ഡങ്ങള്‍ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകത എടുത്തുപറയും.
'നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ നവോത്ഥാനവും മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും തുടര്‍ന്നൊരുക്കിയിരിക്കുന്ന സംവാദ പരമ്പരകളിലും നെഹ്റുവിയന്‍ ആശയം പര്യവേക്ഷണം ചെയ്യുന്നതിനായി വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധരെയും, രാഷ്ട്രീയ ചരിത്രകാരന്മാരെയും, നിരീക്ഷകരെയും, പ്രമുഖരെയും വേദിയില്‍ അണിനിരത്തുവാന്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിലെ നിലവിലെ അസന്തുഷ്ടിതമായ രാഷ്ട്രീയ-ഭരണ വ്യാവസായിക സാഹചര്യങ്ങളെക്കുറിച്ച് ചിന്തനീയവും സസൂക്ഷ്മവുമായ ഒരു പഠനവും വിലയിരുത്തലും നടത്തുകയാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ലക്ഷ്യം വെക്കുന്നത്. അസമത്വം,സാമൂഹ്യനീതി, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി സംയോജിപ്പിക്കേണ്ടത് ആവശ്യമാണ്. സമത്വസുന്ദരമായ സമൂഹത്തെ സൃഷ്ടിക്കുവാന്‍ നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സമൂഹം ആഗ്രഹിക്കുകയും അതിന് അനിവാര്യമായ കൂടുതല്‍ പര്യവേക്ഷണത്തിനും സംവാദത്തിനും ഉത്തേജകമായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.

Latest Articles

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും പകുതിയോളം ജീവനക്കാർക്ക് 5മുതൽ  10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. ഇതുവഴി ജീവനക്കാരെ ഓഫീസുകളിൽ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവൽക്കരണം കൊണ്ടുവരാനാണ് സക്കർബർഗിന്റെ ശ്രമം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu